അൽഷിമേഴ്സിന് സാധാരണ വൈറസും കാരണമാകും

Thursday 16 January 2025 1:59 AM IST

ന്യൂയോർക്ക്: പനി വരുത്തുന്ന സാധാരണ വൈറസും മറവിരോഗത്തിന് (അൽസിമേഴ്സ്)​കാരണമാകുമെന്ന് പഠനം. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അൽഷിമേഴ്‌സ്. ഓർമ്മ,​ ചിന്ത,​ പെരുമാറ്റം എന്നിവയിൽ മാറ്റങ്ങൾ വരുന്നു. അൽഷിമേഴ്സ് അസോസിയേഷനാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കുട്ടിക്കാലത്ത് ബാധിക്കുന്ന ഹെർപ്പസ് വൈറസിന്റെ (ഇൻഫെക്ഷനും പനിയും) വകഭേദമായ സി.എം.വി ശരീരത്തിൽ എല്ലായ്പ്പോഴും ഉണ്ടാകും. ചിലരിൽ അത് അൽഷിമേഴ്സിന് കാരണമാകുമെന്നാണ് റിപ്പോർട്ടിലുള്ളത്.

70-80 വയസ് ആകുമ്പോഴേക്ക് 90 ശതമാനം ആളുകളുടെയും രക്തത്തിൽ സി.എം.വി ആന്റിബോഡികൾ ഉണ്ടാകും. ചില വ്യക്തികളിൽ വൈറസ് തലച്ചോറിനെ ബാധിച്ച് അൽഷിമേഴ്സിന് കാരണമാകും.

എങ്ങനെ ബാധിക്കുന്നു?​

സി.എം.വി സജീവമായിരിക്കുന്ന അവസ്ഥയിൽ ഉമിനീർ,​ രക്തം തുടങ്ങിയ സ്രവങ്ങളിലൂടെയാണ് പടരുക. ചില സന്ദർഭങ്ങളിൽ വാഗസ് നാഡി വഴി ഇവ തലച്ചോറിലെത്തുന്നു. രോഗപ്രതിരോധ കോശങ്ങളായ മൈക്രോഗ്ലിയയെ അമിതമായി ഉത്തേജിപ്പിക്കുന്നതിലൂടെ വീക്കമുണ്ടാവുകയും ന്യൂറോണുകളെ നശിപ്പിക്കുകയും ചെയ്യും. ഇത് അൽഷിമേഴ്സിലേക്ക് നയിക്കപ്പെടാം.

നേരത്തേ തിരിച്ചറിഞ്ഞാൽ

101 പേരുടെ തലച്ചോറ്,​ വാഗസ് നാഡി,​ സുഷുമ്നാ നാഡി തുടങ്ങിയവയിൽ ഗവേഷക‌ർ പഠനം നടത്തി. ഇവരിൽ 66 പേർ അൽഷിമേഴ്സ് ബാധിതരായിരുന്നു. കുടലിൽ സജീവമായ സി.എം.വി അണുബാധ രക്ത പരിശോധനയിൽ കണ്ടെത്താം. നേരത്തേ തിരിച്ചറിഞ്ഞാൽ ആന്റി വൈറൽ മരുന്നുകൾ ഫലപ്രദം.