2 യുദ്ധക്കപ്പൽ,​ അന്തർവാഹിനി, ഒരുമിച്ച് കമ്മിഷൻ ചെയ്ത് ഇന്ത്യ

Thursday 16 January 2025 2:03 AM IST

ന്യൂഡൽഹി: നാവികസേനയ്‌ക്ക് കരുത്തായി ഐ.എൻ.എസ് സൂറത്ത്, ഐ.എൻ.എസ് നീലഗിരി എന്നീ യുദ്ധക്കപ്പലുകളും ഐ.എൻ.എസ് വാഗ്ഷീർ അന്തർവാഹിനിയും ഒരുമിച്ച് കമ്മിഷൻ ചെയ്‌തു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആധിപത്യം സ്ഥാപിക്കാനും ചൈനയുടെ ഭീഷണി ചെറുക്കാനും ലക്ഷ്യമിട്ടാണ് നീക്കം. തദ്ദേശീയമായി നിർമ്മിച്ച മൂന്നു കപ്പലുകളും മുംബയ് നേവൽ ഡോക്‌യാർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കമ്മിഷൻ ചെയ്‌തത്.

യുദ്ധക്കപ്പലുകൾ അടക്കം തദ്ദേശീയമായി നിർമ്മിക്കുന്നത് സാമ്പത്തിക പുരോഗതിക്ക് പുതിയ വഴികൾ തുറക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. നിലവിൽ രാജ്യത്ത് 1.5 ലക്ഷം കോടി രൂപ ചെലവിൽ 60 വലിയ കപ്പലുകൾ നിർമ്മ‌ിക്കുന്നു. എം.എസ്.എം.ഇകൾക്ക് 12,000 തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു. ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനിയും ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് അരിഘാത് ആണവ അന്തർവാഹിനികളും ഇന്ത്യയിൽ നിർമ്മിച്ചതാണ്.

ഇന്ത്യയുടെ പ്രതിരോധ ഉത്ദപാനം 1.25 ലക്ഷം കോടി രൂപ കവിഞ്ഞതായും നൂറിലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.

ഐ.എൻ.എസ് സൂറത്ത്

 സ്റ്റെൽത്ത്-ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ

പ്രോജക്ട് 15ബിയിലെ നാലാമത്തെയും അവസാനത്തെയും കപ്പൽ

164 മീറ്റർ നീളം, 7,400 ടൺ ഭാരം,​ വേഗത: 30 നോട്ടിക്കൽ മൈൽ

 ചേതക്, സീകിംഗ്, എംഎച്ച്-60ആർ കോപ്റ്ററുകളെ ഉൾക്കൊള്ളും

 31 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയായി
 ഇന്ത്യയിലെ ആദ്യത്തെ എ.ഐ പ്രാപ്ത യുദ്ധക്കപ്പൽ

ഐ.എൻ.എസ് നീലഗിരി

 നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോയുടെ രൂപകൽപ്പന

 പി17എ സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയിൽ നിന്നുള്ള ആദ്യ കപ്പൽ

 6,670 ടൺ ഭാരം, നീളം 149മീറ്റർ

 എട്ട് ബ്രഹ്മോസ് മിസൈലുകൾ വിന്ന്യസിക്കാം

 ശത്രു നീക്കങ്ങൾ നിരീക്ഷിക്കാൻ എം.എഫ് -സ്റ്റാർ റഡാർ

എംഎച്ച് -60ആർ സീഹോക്സ് ഉൾപ്പെടെയുള്ള ലികോപ്റ്ററുകൾ

ഐ.എൻ.എസ് വാഗ്ഷീർ

കൽവാരി -ക്ലാസിലെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനി

 ആക്രമണം,​ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങി വിവിധ ദൗത്യങ്ങൾ

ആയുധങ്ങൾ: വയർ-ഗൈഡഡ് ടോർപ്പിഡോകളും കപ്പൽവേധ മിസൈലുകളും

 ശത്രു റഡാറുകളുടെ കണ്ണിൽപ്പെടാത്ത പ്രത്യേക രൂപകൽപന

 ഉപരിതലത്തിൽ 1,615 ടണ്ണും മുങ്ങുമ്പോൾ 1,775 ടണ്ണും ഭാരം, നീളം 67.5മീറ്റർ