പുതിയ ആസ്ഥാന മന്ദിരത്തിൽ വലതുകാൽ വച്ച് കോൺഗ്രസ്

Thursday 16 January 2025 2:11 AM IST

ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന് പുതിയ വിലാസം: ഇന്ദിരാഭവൻ,​ 9എ, കോട്‌ല റോഡ്, ന്യൂഡൽഹി. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ മുൻ അദ്ധ്യക്ഷ സോണിയാഗാന്ധി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്‌തു.

ആറു ദശാബ്‌ദത്തിലേറെ പ്രവർത്തിച്ച 24 അക്ബർ റോഡ് എന്ന വിലാസത്തിൽ നിന്നാണ് ഇന്നലെ പുതിയ മന്ദിരത്തിലേക്ക് കോൺഗ്രസ് പ്രവേശിച്ചത്. ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിയിൽ നിന്നുള്ള ആരോപണങ്ങളെ ഭയന്ന് ക്ഷണിക്കപ്പെട്ടവർ മാത്രമേ പങ്കെടുത്തുള്ളൂ. ചടങ്ങിൽ മാദ്ധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല.

മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് ആറാം നിലയിലാണ് ഓഫീസ്. താഴത്തെ നിലയിൽ ആധുനിക സൗകര്യങ്ങളോടെ ഓഡിറ്റോറിയം. ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ ചുമതലയുള്ള നേതാക്കൾ എന്നിവർക്കും പ്രത്യേകം മുറിയുണ്ട്.

2009 ഡിസംബർ 28 ന് 125-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സോണിയ തറക്കല്ലിട്ട മന്ദിരം നിർമ്മാണം നേരത്തേ പൂർത്തിയായെങ്കിലും ഉദ്ഘാടനം നീളുകയായിരുന്നു. 1952ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ജവഹർലാൽ നെഹ്‌റു ഈ പ്രദേശത്ത് പാർട്ടി ആസ്ഥാനം സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, മുതിർന്ന പാർട്ടി നേതാക്കൾ, പ്രവർത്തക സമിതി അംഗങ്ങൾ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, പി.സി.സി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, എം.കെ.രാഘവൻ, അടൂർ പ്രകാശ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, പി.സി. വിഷ്‌ണുനാഥ്, റോജി എം. ജോൺ,​ ബിന്ദു കൃഷ്ണ എന്നിവരുമുണ്ടായിരുന്നു.