ചരിത്രം കുറിച്ച് ഇന്ത്യയും ഐഎസ്ആർഒയും: സ്പേസ് ഡോക്കിംഗ്  പൂർണ വിജയം

Thursday 16 January 2025 9:29 AM IST

ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയും ഐഎസ്ആർഒയും. ബ​ഹി​രാ​കാ​ശ​ത്ത് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ ​കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന സ്‌പേസ് ഡോക്കിംഗ് എക്സിപിരിമെന്റ് (സ്‌പെഡെക്സ്)​ വിജയകരമായി പൂർത്തിയാക്കി. നാലാം ഘട്ടത്തിലാണ് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിംഗ് പരീക്ഷണം പൂർണമായും വിജയിച്ചത്. ദൗത്യം വിജയകരമായെന്ന ‌ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇതോടെ സ്‌​പേ​സ് ​ഡോ​ക്കിം​ഗ് ​ന​ട​ത്തു​ന്ന​ ​നാ​ലാ​മ​ത്തെ​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റി. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ​സ്പേസ് ഡോക്കിംഗ് സാങ്കേതിക വിദ്യ ഇതുവരെ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് സ്‌പെഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗ​റ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉപഗ്രഹങ്ങളെ മൂന്നുമീറ്റർ അകലത്തിൽ വരെ വിജയകരമായി എത്തിച്ചിരുന്നു. തുടർന്ന് പരീക്ഷണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നേരത്തേ നടത്തിയ പരീക്ഷണ ഘട്ടങ്ങളിൽ കണ്ടെത്തിയ എല്ലാ പിഴവുകളും തിരുത്തിയാണ് ഇന്ന് ഉപഗ്രഹങ്ങളെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ മുപ്പതിനായിരുന്നു പിഎസ്എൽവി റോക്കറ്റിൽ ചേസർ, ടാർഗ​റ്റ് എന്നീ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് എത്തിച്ചത്.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്​റ്റേഷൻ അടക്കമുള്ള പദ്ധതികൾക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ഇതിനാെപ്പം ഗഗൻയാൻ, ചന്ദ്രയാൻ-4 പദ്ധതികൾക്കും വലിയ മുതൽക്കൂട്ടാവും ഇന്നത്തെ ചരിത്ര വിജയം. ഡോ​ക്കിം​ഗ് ​സാ​ങ്കേ​തി​ക​ ​ഇ​ന്ത്യ​ ​സ്വ​ന്ത​മാ​യി​ ​ ​വി​ക​സി​പ്പി​ച്ച​താ​ണ്.​ ​ഇ​തി​ന് ​ഭാ​ര​തീ​യ​ ​ഡോ​ക്കിം​ഗ് ​സി​സ്റ്റം​ ​എ​ന്ന​ ​പേ​രി​ൽ​ ​പേ​റ്റ​ന്റും​ ​എ​ടു​ത്തി​ട്ടു​ണ്ട്. ഏറ്റവും കുറഞ്ഞ ചെലവിലാണ് ഇന്ത്യം ലക്ഷ്യം നേടിയതെന്നാണ് റിപ്പോർട്ട്.