ഇഷ്‌ട രാജ്യത്ത്‌ വിസ പരിഷ്കാരങ്ങൾ നാളെ മുതൽ; കൂടുതൽ തൊഴിലവസരങ്ങൾ, ഇനിമുതൽ എളുപ്പത്തിൽ വിമാനം കയറാം

Thursday 16 January 2025 12:52 PM IST

ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20നു മുമ്പ് തന്നെ അമേരിക്കയിൽ H 1 B വിസ പരിഷ്‌കാരങ്ങൾ നിലവിൽ വരുന്നു. നാളെ മുതൽ H 1 B വിസ പരിഷ്‌കാരങ്ങൾ നിലവിൽ വരും. പുതുക്കിയ മാറ്റങ്ങൾ അമേരിക്കയിൽ സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അമേരിക്കയിലുള്ള തൊഴിൽ ദാതാക്കൾക്കു വിദേശ രാജ്യങ്ങളിൽ നിന്നും അഭ്യസ്തവിദ്യരായ യുവാക്കളെ എളുപ്പത്തിൽ റിക്രൂട്ട് ചെയ്യാൻ സാധിക്കും. I -129 ഫോം വിസ അപേക്ഷക്ക് ആവശ്യമായി വരും. അമേരിക്കൻ സിറ്റിസൺഷിപ് & ഇമ്മിഗ്രേഷൻ സർവീസാണ് (USCIS) പുതുക്കിയ നടപടിക്രമങ്ങൾ ഉറപ്പുവരുത്തുന്നത്. H 1 B വിസക്കുള്ള യോഗ്യതയിൽ സ്കില്ലിനു വളരെയേറെ പ്രാധാന്യം ലഭിക്കും. F 1 വിസയിൽ നിന്നും H 1 B വിസയിലേക്കുള്ള മാറ്റം എളുപ്പത്തിലാക്കും. സ്റ്റുഡന്റ്‌ വിസയിൽ നിന്നും H 1 B വിസയിലേക്ക് മാറാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കും.

ജർമ്മനിയിലെ IAESTE ഇന്റേൺഷിപ് 2025

ജർമ്മനിയിലെ IAESTE ഇന്റേൺഷിപ് 2025നു (International Association for the Exchange of Students for Technical Experience) ബിരുദധാരികൾക്കും, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. മികച്ച ഇംഗ്ലീഷ് പ്രാവീണ്യം അപേക്ഷകർക്കാവശ്യമാണ്. ഫെബ്രുവരി രണ്ടാം ആഴ്ചയിൽ ഇന്റേൺഷിപ് പ്രോഗ്രാം ആരംഭിക്കും. www.iaeste.de/en/internships വെബ് സൈറ്റിലൂടെ സയൻസ്, എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

അമൃത വിശ്വവിദ്യാപീഠം ഓൺലൈൻ എം.ബി.എ

അമൃത വിശ്വവിദ്യാപീഠം ഓൺലൈൻ എം.ബി.എ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ്, എച്ച്.ആർ, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ പ്രോഗ്രാമിലുണ്ട്.വിദ്യാർത്ഥികൾക്കും, തൊഴിൽ ചെയ്യുന്നവർക്കും എൻറോൾ ചെയ്യാം. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നുള്ള സിലബസ്സാണ്‌ ഓൺലൈൻ എം.ബി.എയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് സെമസ്റ്ററായാണ് കോഴ്സിന്റെ കാലയളവ്. പ്രവർത്തി പരിചയമുള്ളവർക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കും. AICTE അംഗീകൃത പ്രോഗ്രാമാണിത്. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. www.amrita.edu