എടിഎം സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി 93 ലക്ഷം രൂപ കവർന്നു, ഒരാൾക്ക് ഗുരുതര പരിക്ക്
ബംഗളൂരു: എടിഎം സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തി പണം കവർന്നു. കർണാടകയിലെ ബിദാറിൽ ഇന്നുരാവിലെയാണ് സംഭവം. മറ്റൊരു സുരക്ഷാജീവനക്കാരന് ഗുരുതര പരിക്കേറ്റു.
ബിദാറിലെ ശിവാജി ചൗക്കിലുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രധാന ശാഖയുടെ മുന്നിലായാണ് സംഭവം നടന്നത്. മോഷണ സംഘം എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. എടിഎമ്മിൽ പണം നിറയ്ക്കുന്നതിടെയായിരുന്നു ആക്രമണം.
എടിഎമ്മിൽ പണം നിറയ്ക്കുന്ന സേവനങ്ങൾ നൽകുന്ന സിഎംഎസ് എന്ന ഏജൻസിയിലെ ജീവനക്കാരായ ഗിരി വെങ്കടേഷ്, ശിവകുമാർ എന്നിവർക്കാണ് വെടിയേറ്റത്. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് രണ്ട് ബൈക്കുകളിലായെത്തിയ മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാർക്കുനേരെ മുളകുപൊടിയെറിഞ്ഞതിനുശേഷം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഗിരി വെങ്കടേഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ശിവകുമാറിന്റെ നില ഗുരുതരമാണ്. ഇരുവരെയും ആക്രമിച്ച മോഷ്ടാക്കൾ 93 ലക്ഷം രൂപയുമായാണ് കടന്നത്.
ആക്രമണത്തിനിടെ മോഷ്ടാക്കളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. ആക്രമണം കണ്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാക്കൾക്കുനേരെ കല്ലെറിയുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഇവർ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ വൈകാതെ പിടികൂടുമെന്നും അറിയിച്ചു. മുഖംമൂടിയും തൊപ്പിയും അണിഞ്ഞിരുന്നതിനാൽ പ്രദേശവാസികൾക്കും അക്രമികളെ തിരിച്ചറിയാനായില്ല. ഗുരുതരമായി പരിക്കേറ്റ ശിവകുമാർ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്.