പീഡനത്തിനിരയായ പലരും വിവാഹിതരായി; കുടുങ്ങില്ലെന്ന വിശ്വാസം തെറ്റിച്ചത് 27കാരി

Thursday 16 January 2025 7:21 PM IST

നാഗ്പൂര്‍: നിരവധി വിദ്യാര്‍ത്ഥിനികളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ മനശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സ്‌കൂളുകളിലും കോളേജുകളിലും പഠിച്ചിരുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് വലയിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മനശാസ്ത്രജ്ഞനായ പ്രതിയുടെ ശൈലി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമ്പതില്‍ അധികം വരുന്ന വിദ്യാര്‍ത്ഥിനികളെ പ്രതി പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മെച്ചപ്പെട്ട തൊഴില്‍ നേടാനും വളരാനും വലിയ സാമ്പത്തികമുണ്ടാക്കാനും സഹായിക്കാമെന്ന് വാക്ക് നല്‍കിയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളുമായി അടുപ്പം സ്ഥാപിച്ചത്. ശാരീരികമായി ചൂഷണം ചെയ്യുകയും ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന പ്രതി പിന്നീട് ഇതേ ദൃശ്യങ്ങള്‍ കാണിച്ച് തുടര്‍പീഡനം നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇരകളായ പലരും പിന്നീട് വിവാഹിതരായി. ദാമ്പത്യജീവിതത്തെ ബാധിക്കുമോയെന്ന് ഭയന്ന് ഇവരാരും പീഡന വിവരം പുറത്തുപറഞ്ഞില്ല. ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഇയാള്‍ പീഡിപ്പിച്ച 27-കാരി പൊലീസിനെ സമീപിച്ചതോടെയാണ് ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതി നിലവില്‍ മറ്റൊരുകേസില്‍ ശിക്ഷിക്കപ്പെട്ട് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്. പ്രതിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ സഹായിച്ചിരുന്നത് ഇയാളുടെ ഭാര്യയും വനിതാ സുഹൃത്തുമാണ്. ഇരുവരുടേയും പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരും ഒളിവിലാണ്. 15 വര്‍ഷത്തെ വിവിധ പീഡന കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്.