ഗാസയിലെ യുദ്ധവിരാമം

Friday 17 January 2025 4:14 AM IST

എന്ന് അവസാനിക്കുമെന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന ഗാസയിലെ യുദ്ധത്തിന് പതിനഞ്ച് മാസത്തിനു ശേഷം വിരാമമാകുന്നു. വെടിനിറുത്തലിനും ബന്ദികളെ വിട്ടയയ്ക്കാനും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലായി. വെടിനിറുത്തൽ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നാണ് സമാധാന ശ്രമത്തിന് മുഖ്യ മദ്ധ്യസ്ഥത വഹിച്ച രാജ്യമായ ഖത്തറിന്റെ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കരാർ വിവരം പ്രഖ്യാപിച്ചതെങ്കിലും പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച കരാർ രൂപരേഖയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.യു.എസ്, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട മദ്ധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടിരിക്കുന്നത്.മൂന്നു ഘട്ടമായി നീളുന്നതാണ് വെടിനിറുത്തൽ കരാർ. ആറാഴ്ച നീളുന്ന ഒന്നാം ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരമായി ആയിരത്തോളം പാലസ്‌തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും.

വെടിനിറുത്തൽ പ്രാബല്യത്തിലാകുന്നതോടെ ഇസ്രയേൽ സൈന്യം ഗാസയിലെ ജനസാന്ദ്രതയേറിയ മേഖലയിൽ നിന്ന് കിഴക്കൻ ഭാഗത്തെ 'ബഫർ സോണി"ലേക്ക് മാറും. ഇതിന്റെ അർത്ഥം ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായും ഒഴിഞ്ഞുപോകില്ല എന്നു തന്നെയാണ്. പിടിച്ചെടുത്ത പ്രദേശങ്ങൾ അപ്പാടെ വിട്ടുകൊടുത്ത ചരിത്രം ഇസ്രയേലിനില്ല. ഗാസയിലേക്ക് ഭക്ഷണം, ഇന്ധനം, മറ്റ് അനുബന്ധ വസ്തുക്കൾ തുടങ്ങിയവ ഉടൻ എത്തിക്കുമെന്നതാണ് കരാറിലെ മറ്റൊരു തീരുമാനം. മാനുഷിക വീക്ഷണത്തിൽ നോക്കുമ്പോൾ കരാറിലെ ഏറ്റവും സ്വാഗതാർഹമായ തീരുമാനം ഇതാണ്. യുദ്ധഭൂമിയിലെ ഒട്ടേറെ പാലസ്തീനികൾ ഭക്ഷണവും മരുന്നുകളും ലഭിക്കാതെ നരകയാതന അനുഭവിക്കുകയാണ്. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധം ഇതുവരെ 46,707 പേരുടെ ജീവൻ കവർന്നതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ 17,492 പേർ കുട്ടികളാണ്.

ഏതു യുദ്ധത്തിലും എല്ലാ തോൽവിയും ഏറ്റുവാങ്ങുന്നത് സ്‌ത്രീകളും കുട്ടികളുമാണെന്ന് പറയാറുണ്ട്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരുലക്ഷത്തിലേറെ പേർക്ക് പരിക്കേൽക്കുകയും 19 ലക്ഷം പേർക്ക് ജന്മസ്ഥലം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നു. അമേരിക്കൻ നയതന്ത്രത്തിന്റെയും പിന്നാമ്പുറ ചർച്ചകളുടെയും ഫലമായാണ് സമാധാന കരാറെന്നാണ് ബൈഡൻ വ്യക്തമാക്കിയതെങ്കിലും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് നേടിയ വലിയ വിജയമാണ് ഗാസാ യുദ്ധം സമാപിക്കുന്നതിലേക്കു നയിച്ചത് എന്നത് വ്യക്തമാണ്. ഗാസ യുദ്ധം അവസാനിപ്പിച്ച പ്രസിഡന്റ് എന്ന ബഹുമതി ചരിത്രം ചാർത്തുന്നത് ബൈഡനായിരിക്കും. അവസാന നിമിഷം അതിന് ബൈഡൻ തുനിഞ്ഞത്,​ യുദ്ധവും മനുഷ്യദുരിതവും അവസാനിക്കുന്നു എന്നത് കണക്കാക്കുമ്പോൾ അഭിനന്ദനീയമാണ്. അമേരിക്ക മനസു വച്ചിരുന്നെങ്കിൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ് യുദ്ധത്തിനിടയാക്കിയത്. കര, വ്യോമ, കടൽ മാർഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ 1200-ഓളം പേരെ കൊന്നൊടുക്കി. 251 പേരെ തട്ടിക്കൊണ്ടുപോയി. അടിച്ചാൽ തിരിച്ചടിക്കുന്ന രാജ്യമാണ് ഇസ്രയേൽ. 360 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തൃതിയുള്ള ഗാസയിൽ 23 ലക്ഷം പേരാണ് അധിവസിച്ചിരുന്നത്. ഈ നഗരത്തിൽ ഇസ്രയേൽ വിതച്ച നാശം വിവരണാതീതമാണ്. ഒന്നു പ്രതിരോധിക്കാൻ പോലുമാകാതെ ഗാസ ജനത അനുഭവിച്ച യാതന വാക്കുകൾക്കതീതമാണ്. പശ്ചിമേഷ്യയെ മുഴുവൻ യുദ്ധത്തിന്റെ മുൾമുനയിൽ നിറുത്താനും ഗാസയിലെ ഏറ്റുമുട്ടലിന് കഴിഞ്ഞു. എന്താണ് ഗാസയുടെ ഭാവി,​ ഗാസ ആര് ഭരിക്കും തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ചർച്ചകളിലൂടെ എല്ലാം പരിഹരിക്കാനാകട്ടെ എന്ന് പ്രതീക്ഷിക്കാൻ മാത്രമേ ഈ ഘട്ടത്തിൽ കഴിയൂ.