ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചുകൊന്നു,​ അയൽവാസി അറസ്റ്റിൽ

Thursday 16 January 2025 8:17 PM IST

കൊച്ചി : പറവൂർ ചേന്ദമംഗലത്ത് നാലംഗകുടുംബത്തിലെ മൂന്നുപേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു,​ വിനിഷ,​ ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. അതിക്രമത്തിൽ പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അയൽവാസിയായ റിതു ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കൊലയ്ക്ക് പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിൽ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്

അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കസ്റ്റഡിയിൽ എടുത്തയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.. പ്രതി മാനസിക പ്രശ്നം ഉള്ള ആളാണോ എന്ന് സംശയമുണ്ടെന്ന് റൂറൽ എസ്.പി പറഞ്ഞു. ലഹരിക്ക് അടിമയാണോ എന്നതിൽ പരിശോധന വേണം. ഇയാൾ നേരത്തെ പല കേസുകളിലും പ്രതിയാണ്. 2022 മുതൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് കസ്റ്റിഡിയിലുള്ള റിതു. വടക്കൻ പറവൂ‌ർ,​ വടക്കേക്കര സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറവൂർ താലൂക്ക് ആശുപത്രിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.