ഏഴടി ഉയരം, 'മസ്കുലർ ബാബ' അങ്ങ് റഷ്യയിൽ നിന്നാണ്; മഹാ കുംഭമേളയിൽ ശ്രദ്ധിക്കപ്പെടുന്ന സന്യാസികൾ

Friday 17 January 2025 3:11 PM IST

അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായ മഹാ കുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ആരംഭിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടു. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകളിൽ 40 കോടി തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ സന്യാസിമാരിൽ പലരും പ്രത്യേകതകൾ കൊണ്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ഉയരം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് റഷ്യക്കാരനായ മസ്കുലർ ബാബ. നേപ്പാളിൽ നിന്നാണ് മസ്കുലർ ബാബ കുംഭമേളയിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. ആത്മ പ്രേം ഗിരി മഹാരാജ് എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഏഴടി ഉയരമുളള മസ്കുലർ ബാബ രുദ്രാക്ഷ മാല അണിഞ്ഞ് കാവി വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. പലരും അദ്ദേഹത്തെ പരശുരാമന്റെ ആധുനിക അവതാരമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ശക്തിക്കും യോദ്ധാവിലെപ്പോലെയുളള ഗുണങ്ങൾക്കും പേരുകേട്ട ഭഗവാൻ മഹാവിഷ്ണവിന്റെ അവതാരമാണ് പരശുരാമൻ.

കഴിഞ്ഞ 30 വർഷമായി സനാതന ധർമം സ്വീകരിച്ച് ഹിന്ദു മതത്തോട് അടുത്ത് നിൽക്കുന്ന റഷ്യക്കാരനാണ് ആത്മ പ്രേം ഗിരി മഹാരാജ്. അദ്ധ്യാപകനായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രമുഖ ഹിന്ദു സന്യാസ സഭകളിലൊന്നായ ജുന അഖാരയിലെ അംഗം കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധ തരത്തിലുളള കമന്റുകളും വരാൻ തുടങ്ങി. ചിലർ ഹർ ഹർ മഹാദേവ് എന്ന കമന്റ് ചെയ്തത് ശ്രദ്ധേയമായിട്ടുണ്ട്.

അതുപോലെ മ​റ്റൊരു സന്യാസിയും കുംഭമേളയിൽ മറ്റുളളവരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ് എഞ്ചിനീയറായിരുന്ന ഹരിയാന സ്വദേശി അഭി സിംഗിന്റെ ചിത്രങ്ങളാണ് വൈറലായത്. ഇദ്ദേഹം ഐഐടി ബാബ എന്നാണ് അറിയപ്പെടുന്നത്. ജോലി ഉപേക്ഷിച്ച് ആത്മീയതയിലേക്ക് പ്രവേശിക്കുകയായിരുന്നു അഭി സിംഗ്.