നായത്തോട്ടിൽ ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം

Saturday 18 January 2025 12:38 AM IST

അങ്കമാലി: നായത്തോട് സ്കൂളിന് കിഴക്ക് വശം എയർപോർട്ട് പുനരധിവാസ കേന്ദ്രമായ ആറ് സെന്റ് നഗറിൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം പാതിരാത്രിയോടെ ടിപ്പറും ജെ.സി.ബിയുമായെത്തി മണ്ണ് മാഫിയ, ഗുണ്ടാ സംഘങ്ങൾ ചേർന്ന് അനധികൃതമായി മണ്ണെടുത്തതോടെയാണ് നാട്ടുകാർ പരിഭ്രാന്തിയിലായത്. ഇതോടെ നാട്ടുകാർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതറിഞ്ഞ് ഗുണ്ടാ സംഘം കടന്നുകളഞ്ഞു. മണ്ണെടുത്ത പറമ്പിലുണ്ടായിരുന്ന കപ്പകൃഷിയും സംഘം നശിപ്പിച്ചിരുന്നു. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഇരുട്ടിന്റെ മറവിൽ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ട മണ്ണ് മാഫിയ ക്രിമിനൽ സംഘം തമ്പടിച്ചിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുകയാണ്. ക്രിമിനൽ സംഘങ്ങളെ നിലക്ക് നിറുത്താൻ പോലീസ് അധികാരികൾ തയ്യാറാകണമെന്ന് സി.പി.എം നായത്തോട് സ്കൂൾ ജംഗ്ഷൻ ബ്രാഞ്ച് ആവശ്യപ്പെട്ടു.