ഒരു പിസയുടെ വില പതിനായിരമോ? ഭക്ഷണപ്രേമികളെ ഞെട്ടിപ്പിക്കുന്ന ഒരു റെസ്റ്റോറന്റ്,​ ബില്ല് കണ്ടാൽ കണ്ണുതളളും

Friday 17 January 2025 4:01 PM IST

പുതുതലമുറകൾ ഏറെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് പിസ. വിവിധ രുചിഭേദങ്ങളിലുളള പിസകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതേപോലെ പിസ ഇഷ്ടപ്പെടാത്തവരും നമുക്കിടയിലുണ്ട്. ഇപ്പോഴിത പിസ പ്രേമികളെ അമ്പരപ്പിച്ചുകൊണ്ടുളള ഒരു പോസ്​റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുകെയിലെ നോർവിച്ചിലുളള ലൂപ്പ പിസ എന്ന റെസ്‌​റ്റോറന്റിൽ ലഭിക്കുന്ന പൈനാപ്പിൾ ടോപ്പിംഗ് ചെയ്ത പിസയുടെ (ഹവാലിയൻ പിസ) വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഒരു ഹവാലിയൻ പിസയ്ക്ക് ഏകദേശം 100 പൗണ്ട് (10,500 രൂപ) ആണ് ഈടാക്കുന്നത്.സാധാരണ ഈ പിസയ്ക്ക് ഏകദേശം 12 പൗണ്ട് (1,270 രൂപ) ആണ് ഈടാക്കുന്നത്. റെസ്റ്റോറന്റിന്റെ മെനു കാർഡ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിലർ പരിഹസിക്കുന്നുണ്ട്. ഈ റെസ്‌​റ്റോറന്റിൽ എത്തുന്നവർക്ക് 10,500 രൂപ കൊടുത്ത് പിസ വാങ്ങാമെന്നും അതിനോടൊപ്പം ഷാപെയ്നും ഓർഡർ ചെയ്യാമെന്ന് ഒരാൾ പരിഹസിക്കുന്നുണ്ട്. ഇതോടെ ചിലരെങ്കിലും പൈനാപ്പിൾ പിസ വാങ്ങുന്നത് കുറയുമെന്നും ചിലർ പറയുന്നു.

അതേസമയം, ഈ റെസ്​റ്റോറന്റിലുളള ജീവനക്കാർ പിസയിൽ പൈനാപ്പിൾ ടോപ്പിംഗ് ചേർക്കുന്നത് എതിർക്കുന്നുണ്ട്. ഈ പിസ മെനുവിൽ ഉൾപ്പെടുത്തിയത് ജീവനക്കാരുടെ താൽപര്യം അനുസരിച്ചല്ലെന്നും പറയുന്നു.ഹവാലിയൻ പിസയുടെ വില വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് റസ്​റ്റോറന്റിന്റെ ഉടമകളിൽ ഒരാളായ ഫ്രാൻസിസ് വൂൾഫ് ഒരു മാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി. പിസയിൽ പൈനാപ്പിൾ ടോപ്പ് ചെയ്യുന്നതിനോട് വെറുപ്പാണെന്നായിരുന്നു അയാളുടെ പ്രതികരണം.

റെസ്​റ്റോറന്റിലെ പ്രധാന ഷെഫായ ക്വിൻ ജിയാനോരൻ പറഞ്ഞത് ഇങ്ങനെ, എനിക്ക് പൈനാപ്പിൾ കോളഡ ഇഷ്ടമാണ്. എന്നാൽ പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് ഇഷ്ടമല്ല. അതിനേക്കാൾ പിസയിൽ സ്‌ട്രോബെറി ചേർക്കുന്നത് ഇഷ്ടപ്പെടുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1960ൽ കനേഡിയൻ പാചക വിദഗ്ധനും വ്യവസായിയുമായ സാം പാനോപോളോസാണ് ഹവാലിയൻ പിസ അവതരിപ്പിച്ചത്.