സുരക്ഷാ റേറ്റിംഗിൽ ചരിത്രം സൃഷ്‌ടിച്ച് മഹീന്ദ്ര
കൊച്ചി: ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (ഭാരത് എൻക്യാപ്) മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് ഒറിജിൻ ഇ എസ്‌യുവികളായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങൾ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് കരസ്ഥമാക്കി. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് റേറ്റിംഗ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ സംവിധാനമാണ് ഭാരത് എൻക്യാപ്.
കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഏറ്റവും മികച്ച സ്‌കോറോടെയാണ് ഇരു വേരിയന്റുകളും 5 സ്റ്റാർ റേറ്റിംഗ് നേട്ടം സ്വന്തമാക്കിയത്. അഡൽറ്റ് ഒക്യുപെന്റ് പ്രൊട്ടക്ഷനിൽ (എഒപി) 32ൽ 32 സ്‌കോറും എക്സ്ഇവി 9ഇ കരസ്ഥമാക്കി. ബിഇ 6 32ൽ 31.97 സ്‌കോർ നേടി. ചൈൽഡ് ഒക്യുപെന്റ് പ്രൊട്ടക്ഷൻ ടെസ്റ്റിൽ ഇരു മോഡലുകളും 49ൽ 45ഉം സ്‌കോർ ചെയ്തു. പുതിയ ഇലക്ട്രിക് യുഗത്തിലേക്ക് സുരക്ഷിതമായ എസ്‌യുവികൾ നിർമിക്കുന്നതിനുള്ള കമ്പനിയുടെ പൈതൃകം വഹിക്കുന്ന മഹീന്ദ്രയുടെ ആദ്യത്തെ ഇലക്ട്രിക് ഒറിജിൻ ഇഎസ്‌യുവികളാണിത്.
ഇതോടെ ഭാരത് എൻക്യാപ് റേറ്റിങ് നേടിയ എസ്യുവികളിൽ ഇന്ത്യൻ റോഡുകളിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളായി മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങൾ മാറി. മഹീന്ദ്രയുടെ ഥാർ റോക്സ്, എക്സ്യുവി 3എക്സ്ഒ, എക്സ്യുവി 400 എന്നീ മോഡലുകളും അടുത്തിടെ ഭാരത് എൻക്യാപ് സ്‌കെയിലിൽ മികച്ച റേറ്റിങ് നേടിയിരുന്നു. എക്സ്യുവി 700, സ്‌കോർപിയോ എൻ എന്നിവ ഗ്ലോബൽ എൻക്യാപ് സ്‌കെയിലിന് സമാനമായ 5 സ്റ്റാർ റേറ്റിങ് നേടിയിട്ടുണ്ട്.
ബിഇ 6, എക്സ്ഇവി 9ഇ എന്നിവ മഹീന്ദ്രയ്ക്ക് മാത്രമല്ല ഇന്ത്യയിലെ ഓട്ടോമോട്ടീവ് സുരക്ഷയിലും ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്‌നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ആർ. വേലുസാമി പറഞ്ഞു. ഭാരത് എൻക്യാപ് പരിശോധകൾ വാഹന ഗതാഗതത്തിലെ സുരക്ഷയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തുടർച്ചയാണ്. സുരക്ഷയുടെ കാര്യത്തിൽ മഹീന്ദ്ര ഓട്ടോമോട്ടീവ് എന്നും മുൻപന്തിയിൽ തുടരുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡാസ്, എമർജൻസി ബ്രേക്കിംഗ്, ഏഴ് എയർ ബാഗുകൾ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളാണ് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങളിലുള്ളത്.