എംഡിഎംഎ പിടികൂടിയ കേസ്, യുവാവിനെ വെറുതെ വിട്ട് കോടതി

Friday 17 January 2025 7:38 PM IST

കൊല്ലം: നിരോധിത ലഹരി വസ്തുവായ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി. കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം ബഡാ ബസാറില്‍ വച്ച് യുവാവിന്റെ പക്കല്‍ നിന്ന് എംഡിഎംഎ പിടികൂടിയ കേസിലാണ് കോടതിയുടെ വിധി. കൊല്ലം പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജി മായാ ദേവിയാണ് പ്രതിയെ വെറുതെവിടാന്‍ ഉത്തരവിട്ടത്. 2023 ഏപ്രില്‍ മാസം മൂന്നാം തീയതിയാണ് കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്.

കരുനാഗപ്പള്ളി ജംഗ്ഷന് സമീപം യുവാവ് ലഹരി വസ്തുവിന്റെ വില്‍പ്പന നടത്തുന്നതായി കരുനാഗപ്പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് സംഘം ഇവിടെ എത്തുകയും സംശയം തോന്നിയ ഒരു യുവാവിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ദേഹപരിശോധന നടത്തുകയും ചെയ്തു. പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി വസ്തു. പ്ലാസ്റ്റിക് കവറില്‍ പായ്ക്ക് ചെയ്ത നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

തുടര്‍ന്ന് പ്രതിയായ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ 50 ദിവസത്തോളും യുവാവ് ജയിലില്‍ കഴിഞ്ഞിരുന്നു. ബംഗളൂരുവില്‍ നിന്ന് കച്ചവടത്തിനായിട്ടാണ് സ്വകാര്യ ബസില്‍ എംഡിഎംഎ എത്തിച്ചത്. കരുനാഗപ്പള്ളി തഹസില്‍ദാറുടെ സാന്നിദ്ധ്യത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വക്കേറ്റ് അഫ്‌സല്‍ ഖാന്‍ ആണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.