അക്രമി ആദ്യം ലക്ഷ്യമിട്ടത് സെയ്ഫ് അലിഖാനെയല്ല, മറ്റൊരു ബോളിവുഡ് സൂപ്പർതാരത്തെ

Friday 17 January 2025 7:48 PM IST

മുംബയ് : നടൻ സെയ്ഫ് അലിഖാന് മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സെയ്ഫ്- കരീന താരദമ്പതികളുടെ വീടിന് മുമ്പ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ വീടാണ് അക്രമി ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന് ബലമേകുന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ജനുവരി 14ന് ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് സംശയകരമായ ചില കാര്യങ്ങൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അജ്ഞാതനായ വ്യക്തി ഒരു ഇരുമ്പ് ഗോവണി ഉപയോഗിച്ച് വീടും പരിസരവും നിരീക്ഷിക്കാൻ ശ്രമിച്ചിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഏകദേശം 6-8 അടി വലുപ്പമുള്ള ഗോവണിയാണ് മന്നത്തിനോട് ചേർന്നുള്ള വസ്തുവിന്റെ പിൻവശത്തായി സ്ഥാപിച്ചിരുന്നത്. ഇതാണ് പൊലീസിന്റെ സംശയത്തിന് പിന്നിൽ. കൂടാതെ മന്നത്തിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളിൽ,​ സെയ്‌ഫിന്റെ ഫ്ലാറ്റിന് സമീപത്ത് കണ്ടതായി സംശയിക്കുന്ന ആളുമായി സാദൃശ്യമുള്ള അക്രമിയുടെ ദൃശ്യം ലഭിച്ചിരുന്നു. ഇതോടെയാണ് രണ്ട് കേസിലും ഒരാളുടെ പങ്ക് പൊലീസ് സംശയിക്കുന്നത്. അതേസമയം സംഭവത്തിൽ ഷാരൂഖ് ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.

അതിനിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന സെയ്‌ഫ് അലി ഖാനെ ഐസിയുവിൽ നിന്ന് മാറ്റി. അദ്ദേഹം വേഗം സുഖപ്പെട്ടുവരികയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്‌ഫ് ചികിത്സയിലുള്ളത്. അദ്ദേഹത്തെ നടത്തിച്ചതായും സെയ്‌ഫ് നടക്കുന്നുണ്ടെന്നും ഡോക്‌ടർമാർ പറഞ്ഞു.

കഴുത്തിലും നട്ടെല്ലിലുമടക്കം ആറ് തവണയാണ് സെയ്‌ഫിന് അക്രമിയുടെ കുത്തേറ്റത്. ബാന്ദ്ര വെസ്‌റ്റിലെ തന്റെ ആഡംബര വസതിയിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ 2.30നാണ് ആക്രമണമുണ്ടായത്. രണ്ടര ഇഞ്ചോളം വരുന്ന ബ്ളേഡാണ് സെയ്ഫിന്റെ മുതുകിൽ കുത്തിയത്. സെയ്‌ഫിന്റെ വീട്ടിൽ മരപ്പണിയ്‌ക്ക് കരാർ എടുത്തയാളും ഇയാളുടെ സഹായിയുമടക്കം രണ്ടുപേരാണ് ഇപ്പോൾ പൊലീസിന്റെ കസ്‌റ്റഡിയിൽ ഉള്ളത്. ഇവർക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്നും എങ്ങനെയാണ് കുറ്റകൃത്യം നടത്തിയത് എന്നുമെല്ലാം അന്വേഷണം നടക്കുകയാണ്.വീടിനെ കുറിച്ച് നന്നായി മനസിലാക്കിയ അക്രമിക്ക് വീട്ടിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമിയുമായി നടന്ന സംഘട്ടനത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. തുടർന്ന് മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോയിൽ നടനെ ആശുപത്രിയിലെത്തിച്ചത്