രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറിൽ തടഞ്ഞു, മാദ്ധ്യമങ്ങളെ കാണാനും അനുമതിയില്ല

Saturday 24 August 2019 3:55 PM IST

ശ്രീനഗർ‌: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കാളെ വിമാനത്താവളത്തിൽ തടഞ്ഞു. ഇവർക്ക് മാദ്ധ്യമങ്ങളെ കാണാനുള്ള അനുമതിയും നൽകിയില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ, കെ.സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്.

നേതാക്കളുടെ സന്ദർശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ജമ്മു കാശ്മീർ ഭരണകൂടം അറിയിച്ചു. എന്നാൽ, സന്ദർശനം വിലക്കി കൊണ്ട് സർക്കാരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രതിപക്ഷ സംഘത്തെ തിരിച്ചയക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടം ശ്രമിക്കുന്നത്.അതേസമയം, തടങ്കലിലുള്ള നേതാക്കളെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്താനാണെന്നും പ്രശ്നമുണ്ടാക്കാനല്ല പോകുന്നതെന്നും എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.

ഇതിനിടെ ശ്രീനഗറിലെത്തിയ മാദ്ധ്യമപ്രവർത്തകരെയും പൊലീസ് തടഞ്ഞു. ഇന്ത്യ ടുഡേ റിപ്പോർട്ടർ മൗസ്മി സിംഗിനെ പൊലീസ് കൈയേറ്റം ചെയ്തു. പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം അറിയാൻ മാദ്ധ്യമപ്രവർത്തകരെ അനുവദിച്ചില്ല. നേതാക്കളുടെ അടുത്തേക്ക് കടത്തിവിടാതെ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞുവച്ചിരിക്കുകയാണ്.