ജില്ലയിൽ ഫയർഫോഴ്സിൽ ഡ്രൈവർക്ഷാമം വണ്ടികളുണ്ട്,പക്ഷേ ആര് ഓടിക്കും..!

Saturday 18 January 2025 11:31 PM IST

കോട്ടയം: ജില്ലയിലെ ഫയർസ്റ്റേഷനുകളിൽ വാഹനങ്ങളുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല, ആവശ്യത്തിന് ഡ്രൈവർമാരില്ല. ഒന്നോ രണ്ടോ കോളുകൾ ഒരുമിച്ചുവന്നാൽ സ്ഥലത്തെത്താൻ ഒരു നിർവാഹമില്ല. ഡ്രൈവർമാരില്ലാത്തതിനാൽ ആംബലൻസാവട്ടെ കാര്യമായി ഉപയോഗിക്കാറുമില്ല. ആകെ വേണ്ടതിനേക്കാൾ 18 ഡ്രൈവർമാരുടെ കുറവുണ്ട്. രാവിലെ 8.45ന് കയറി പിറ്റേന്ന് രാവിലെ 8.45ന് ഇറങ്ങുന്ന രീതിയിലാണ് ഒരാളുടെ ഷിഫ്റ്റ്. പിറ്റേന്ന് അവധിയായിരിക്കും. ഇതിനിടെ ആരെങ്കിലും ലീവോ ഓഫോ എടുത്താൽ അടിമുടി താളംതെറ്റും. ചൂട് കൂടിയതോടെ തീപിടുത്തത്തിന്റെ കാലമായതിനാൽ നല്ല തിരക്കാണ്. തോട്ടങ്ങളടക്കമുള്ളതിനാൽ രാത്രിയും പകലുമില്ലാതെ വിളിവരും.

ആംബുലൻസുകൾ വെറുതെ കിടക്കുന്നു

എല്ലാ ഫയർസ്റ്റേഷനുകളിലുമായി ഒമ്പത് ആംബുലൻസുകളാണുള്ളത്. അപകടസ്ഥലത്തും രോഗികളേയുമൊക്കെ കൊണ്ടുപോകാനാണ് സംവിധാനമെങ്കിലും ഡ്രൈവർ ക്ഷാമം മൂലം ആംബലുൻസ് വിളിച്ചാൽ പോകാറില്ല. തിരക്കില്ലെങ്കിലും ഫയർ കോൾ വന്നാൽ പോകാൻ ആളില്ലാത്തതാണ് കാരണം. ഇതിനിടെ ശബരിമല ഡ്യൂട്ടിയും മറ്റ് പരിശീലനങ്ങൾക്കുമൊക്കെ പോവേണ്ടിവരുമ്പോൾ കാര്യങ്ങൾ കൂടുതൽ ഞെരുക്കത്തിലാവും. ഇവിടെയുള്ള ഭൂരിഭാഗം ഡ്രൈവർമാരും അന്യജില്ലക്കാരനാണ്. ഇതുമൂലം അസമയത്ത് കോളുകൾ വന്നാൽ വഴിയറിയാതെ കൃത്യസയത്ത് എത്താത്ത സംഭവങ്ങളുമുണ്ട്. നാട്ടുകാരായ ഡ്രൈവർമാരെ അതത് സ്റ്റേഷനുകളിൽ ജോലിക്ക് നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഫയർസ്റ്റേഷൻ: 8

ഡ്രൈവർമാർ വേണ്ടത് : 60

നിലവിലുള്ളത് : 42

ഫയർസ്റ്റേഷൻ, വാഹനങ്ങൾ, ഡ്രൈവർമാർ

കോട്ടയം- 15 -7

 പാലാ- 7 -4

 ചങ്ങനാശേരി-7- 6

 പാമ്പാടി-6-5

കടുത്തുരുത്തി- 5-6

വൈക്കം- 7- 4

 ഈരാറ്റുപേട്ട -6 - 5

കാഞ്ഞിരപ്പള്ളി- 7- 5

കഴിഞ്ഞ വർഷം ലഭിച്ച കോളുകൾ

കോട്ടയം 736

പാലാ 339

കടുത്തുരുത്തി 273

വൈക്കം 296

കാഞ്ഞിരപ്പള്ളി 327

പേട്ട 240

ചങ്ങനാശേരി 400

പാമ്പാടി 300

'' ഒഴിവ് നികത്തി ആളുകളെ നിയമിക്കണം. നാട്ടിലുള്ളവരെ പരമാവധി അതത് ജില്ലയിൽ നിലനിറുത്തണം'' കേരള ഫയർസർവീസ് ആൻഡ് ഡ്രൈവേഴ്സ് ആൻഡ് മക്കാനിക് അസോ.