കോത്തലക്കാർ ചോദിക്കുന്നു എ.ടി.എം എവിടെ?

Saturday 18 January 2025 5:54 PM IST

പാമ്പാടി: കാലം മാറി, എന്നിട്ടും കോത്തലക്കാരുടെ ദുരിതം മാത്രം മാറിയിട്ടില്ല. പ്രദേശത്ത് ഒരു എ.റ്റി.എം കൗണ്ടർ ഇല്ലെന്ന് പറയുമ്പോൾ കോത്തലക്കാരുടെ അവസ്ഥ എന്തെന്ന് വ്യക്തം. സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ഉൾപ്പെടെ വലയുകയാണ്. പ്രദേശവാസികൾക്ക് എ.റ്റി.എം സേവനം ലഭിക്കണമെങ്കിൽ നാല് കിലോമീറ്റർ ദൂരെയുള്ള പാമ്പാടിയിലോ മൂന്ന് കിലോമീറ്റർ അകലെയുള്ള പുളിക്കൽകവലയിലോ എത്തണം. മൂന്ന് കിലോമീറ്റർ ദൂരെയുള്ള ചെന്നാമറ്റത്തും നാല് കിലോമീറ്റർ അകലെയുള്ള കൂരോപ്പടയിലും എ.റ്റി.എം സേവനം ലഭ്യമാണെങ്കിലും ഇവിടേക്ക് നേരിട്ട് പൊതുഗതാഗത സൗകര്യമില്ല. 12ാംമൈലിൽ സ്ഥാപിക്കണം: ജനങ്ങളുടെ സൗകര്യാർത്ഥം 12ാം മൈൽ കവലയിൽ എ.റ്റി.എം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് ഇത് ഉപകാരപ്രദമാകും.

കൗണ്ടർ സ്ഥാപിച്ചാൽ 12ാം മൈലിലെ വ്യാപാരികൾക്കും സമീപപഞ്ചായത്തുകളിലെ നെന്മല, ചേന്നംപള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കും ഏറെ സഹായകരമാകും. ( പി.എൻ ശിവൻ കോത്തല)