ദേവജിത്ത് നീന്തിക്കയറി, ചരിത്രത്തിലേക്ക്...
വൈക്കം: ഇരു കൈകളും ബന്ധിച്ച് വേന്പനാട്ടുകായലിലെ ചേർത്തല കൂമ്പേൽകടവിലേക്ക് ദേവജിത്ത് ഇറങ്ങുമ്പോൾ സമയം രാവിലെ 8.27. കായലിന്റെ ഏറ്റവും വീതിയേറിയ ഒൻപത് കിലോമീറ്റർ ദൂരം പിന്നിട്ട് ദേവജിത്ത് നീന്തിക്കയറിയത് റെക്കാഡിലേക്കാണ്. ഒരു മണിക്കൂർ നാൽപത്തിയേഴു മിനിറ്റ് സമയമെടുത്താണ് അതുല്യനേട്ടം സ്വന്തമാക്കിയത്.ഉദയനാപുരം അമ്പലേഴത്തുവീട്ടിൽ സജീവ് കുമാറിന്റെയും സവിത സജീവിന്റെയും മകനാണ് ദേവജിത്ത്. മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിൽ കോച്ച് ബിജു തങ്കപ്പന്റെ നേതൃത്വത്തിൽ ആറ് മാസത്തെ നീന്തൽ പരിശീലനത്തിന് ശേഷമാണ് ദേവജിത്ത് നേട്ടം കൈവരിക്കുന്നത്. ചേർത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിൽജ സലിം, ഗ്രാമപഞ്ചായത്തംഗം നൈസി ബെന്നി, തിരുനെല്ലൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡി ബി വിമൽദേവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഹരിക്കുട്ടൻ എന്നിവർ ചേർന്ന് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു. നീന്തിക്കയറിയ ദേവജിത്തിനെ ചേർത്തല ഫയർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് പി.വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈക്കം ബീച്ചിൽ നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബിന്ദു ഷാജി സ്വാഗതം പറഞ്ഞു. സിനി ആർട്ടിസ്റ്റ് ചെമ്പിൽ അശോകൻ മുഖ്യാതിഥിയായിരുന്നു.
22 കുട്ടികൾക്ക് ആദരം
ചടങ്ങിൽ 22 കുട്ടികളെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിന് പ്രാപ്തരാക്കിയ ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബ് കോച്ച് ബിജു തങ്കപ്പനെയും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവിനെയും ആദരിച്ചു.