വൈറ്റ് ഹൗസ് എന്ന വിസ്‌മയചിഹ്നം
ചൈനയ്‌ക്കെന്താ
വൈറ്റ് ഹൗസിൽ കാര്യം?
ലോകത്തിലെ പരമാധികാര ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും ഓഫീസും സ്ഥിതിചെയ്യുന്ന വാഷിംഗ്ടൺ ഡി.സിയിലെ വിഖ്യാതമായ വൈറ്റ് ഹൗസിനുള്ളിൽ കടന്നാൽ ചരിത്രവും കൗതുകങ്ങളും ഇടകലർന്ന വിസ്‌മയക്കാഴ്‌ചകളാണ്. 'ചൈനക്കാർക്ക് എന്താ ഈ വീട്ടിൽ കാര്യ"മെന്നു ചോദിച്ചാൽ മറുപടി, അതൊരു 'ചീനക്കാര്യം" തന്നെ എന്നാണ്! വൈറ്റ് ഹൗസിനുള്ളിൽ ഒരു 'ചൈനാ റൂം" ഉണ്ട്. വിവിധ പ്രസിഡന്റുമാർ വിരുന്നു സത്‌കാരത്തിനടക്കം ഉപയോഗിച്ച ചീനപ്പിഞ്ഞാണങ്ങളുടെ ശേഖരമാണ് ഈ മുറിയിൽ. ചൈനീസ് പോർസലീന്റെ വൈവിദ്ധ്യമാർന്ന കളക്ഷൻ തന്നെയുണ്ട്, ഈ മുറിയിൽ!
ചൈനാ റൂം മാത്രമല്ല ബ്ളൂ റൂം, റെഡ് റൂം, ഗ്രീൻ റൂം ഇങ്ങനെ പല മുറികൾ പതിനെട്ട് ഏക്കറുകളിലായി വിശാലമായ പുൽത്തകിടിയോടെ സ്ഥിതിചെയ്യുന്ന വൈറ്റ് ഹൗസിലുണ്ട്. മൊത്തം 132 മുറികൾ. അതിൽ പതിനാറെണ്ണം പ്രസിഡന്റിന്റെ കുടുംബാംഗങ്ങൾക്കും അതിഥികൾക്കുമുള്ളതാണ്. മൂന്ന് അടുക്കള, 35 ബാത്ത് റൂം. 55,000 ചതുരശ്ര അടിയിലാണ് നിർമ്മാണം. വെസ്റ്റ് വിംഗ്, ഈസ്റ്റ് വിംഗ്, എക്സിക്യുട്ടീവ് റെസിഡൻസ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വൈറ്റ് ഹൗസിനെ തിരിക്കാം. ഇതിൽ വെസ്റ്റ് വിംഗിലാണ് പ്രസിഡന്റിന്റെ ഓഫീസായി അറിയപ്പെടുന്ന ഓവൽ ഓഫീസ്.
1909 മുതൽ ഓവൽ ഓഫീസാണ് പ്രസിഡന്റിന്റെ ഓഫീസ്. വില്യം ഹൊവാർഡ് ആയിരുന്നു അന്നത്തെ പ്രസിഡന്റ്. ഓവൽ ആകൃതിയാണ് ഈ പേരിനു കാരണം. ഇവിടെയിരുന്നാണ് 'ലോക പൊലീസ്" ആയി അറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് സുപ്രധാനമായ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത്. പവർ സെന്ററാണ് ഇതെന്ന് അർത്ഥം.
വൈറ്റ് ഹൗസിനുള്ളിലേക്കു കടക്കുമ്പോൾ രണ്ട് സുരക്ഷാ പരിശോധനയുണ്ട്. പക്ഷേ, അത് വളരെ മര്യാദയോടെ, നമ്മൾക്ക് അസ്വാരസ്യം ഉണ്ടാകാതെയാണ് നടക്കുന്നത്.
ഇക്കഴിഞ്ഞ യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വൈറ്റ് ഹൗസ് സന്ദർശനം നടത്തിയത്. അമേരിക്കൻ സീക്രട്ട് സർവീസിനാണ് (യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ്) പ്രസിഡന്റിന്റെയും വൈറ്റ് ഹൗസിന്റെയും സുരക്ഷാ ചുമതല. പ്രസിഡന്റിന്റെ താമസസ്ഥലത്തേക്കുള്ള പടിക്കെട്ട്, താഴത്തെ നിലയിൽ നിൽക്കുമ്പോൾ നമുക്കു കാണാം. പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലുള്ള സമയമായിരുന്നു. അന്ന് സന്ദർശനം നടത്തിയ രാത്രിയിലാണ് ബൈഡൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തുടർ മത്സരത്തിൽ നിന്ന് പിൻമാറുന്നുവെന്ന തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
വൈറ്റ് ഹൗസിനുള്ളിൽ നടക്കുമ്പോഴും സുരക്ഷയുടെ സമ്മർദ്ദമൊന്നും അനുഭവപ്പെട്ടില്ല. അദൃശ്യം എന്നു പറയുന്നതുപോലെ, എല്ലാം 'അണ്ടർ കവർ" ആണ്. പക്ഷേ മലയാളത്തിൽപ്പോലും പ്രസിഡന്റിനെതിരെ സംസാരിച്ചാൽ അപ്പോൾത്തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ മനസിലാക്കും. ഏതു ഭാഷയും ഡീകോഡ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്!
വൈറ്റ് ഹൗസിൽ പ്രവേശിക്കുമ്പോൾ മനോഹരമായ പുൽത്തകിടിയിലൂടെ നടന്ന് പൂന്തോട്ടത്തിലേക്കാണ് സന്ദർശകർ കടക്കുന്നത്. ജാക്വലിൻ കെന്നഡി ഗാർഡനും റോസ് ഗാർഡനും അവിടെക്കാണാം. അകത്തേക്കു കടക്കുമ്പോൾ മുൻ പ്രസിഡന്റുമാരുടെ ജീവിതത്തിലെ അവിസ‌്‌മരണീയ ചിത്രങ്ങൾ ഭിത്തികളിൽ വച്ചിട്ടുണ്ട്. പ്രസിഡന്റുമാരുടെ മാത്രമല്ല, ഫസ്റ്റ് ലേഡിമാരുടെയും (പ്രസിഡന്റിന്റെ ഭാര്യ) ചിത്രങ്ങളുണ്ട്. കുടുംബ ചിത്രങ്ങളും കാണാം. പിന്നീട് ചൈനാ റൂം അടക്കം വിവിധ മുറികളാണ്. നയതന്ത്രജ്ഞരെ സ്വീകരിക്കുന്ന ഡിപ്ളോമാറ്റിക് റിസപ്‌ഷൻ റൂമുമുണ്ട്. തോമസ് ജെഫേഴ്സന്റെ ഡൈനിംഗ് റൂം ആയിരുന്നു ഗ്രീൻ റൂം. ഇപ്പോൾ ഇത് സ്വീകരണത്തിന് ഉപയോഗിക്കുന്ന പാർലറാണ്.
പ്രസിഡന്റ് അതിഥികളെ സ്വീകരിക്കുന്ന മുറിയാണ് ബ്ളൂ റൂം. ജെയിംസ് മൺറോയാണ് ഇത് മോടിപിടിപ്പിച്ചത്. നീല നിറം തന്നെ മുറിക്ക്. പ്രസിഡന്റുമാരായിരുന്ന ജെഫേഴ്സൺ, മൺറോ, ആദംസ്, ജോൺ ടെയ്‌ലർ തുടങ്ങിയവരുടെ പോർട്രെയിറ്റുകൾ ഈ മുറിയിൽ കാണാം. റെഡ് റൂം, ചെറിയ സത്‌ക്കാരങ്ങൾ നടക്കുന്നയിടമാണ്. ഫസ്റ്റ് ലേഡിമാർ കൂടുതലായി ഉപയോഗിക്കുന്ന മുറി. പ്രസിഡന്റായിരിക്കെ ജോൺ ആദംസ് പ്രഭാതഭക്ഷണം കഴിക്കാൻ ഉപയോഗിച്ച മുറിയുമായിരുന്നു.
വൈറ്റ് ഹൗസിന്റെ എക്സിക്യുട്ടീവ് റസിഡൻസ് ഭാഗത്തിൽ രണ്ടാമത്തെ നിലയിലാണ് പ്രസിഡന്റും കുടുംബവും താമസിക്കുന്നത്. ഇവർക്ക് ഉല്ലസിക്കാനും വിശ്രമിക്കാനുമായി മൂന്നാമത്തെ നിലയും ഒരുക്കിയിട്ടുണ്ട്. വിപുലമായ സംവിധാനങ്ങളാണ്.
ലോകത്തിന്റെ
മേൽവിലാസം
1600 പെൻസിൽവേനിയ അവന്യു, NW വാഷിംഗ്ടൺ ഡിസി! അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ മേൽവിലാസമാണിത്. വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കഴിഞ്ഞ 200 വർഷങ്ങൾക്കിടെ വൈറ്റ് ഹൗസ് കാലാനുസൃതമായി നവീകരിക്കപ്പെട്ടു. അടിസ്ഥാന നിർമ്മാണ ഘടന നിലനിറുത്തിക്കൊണ്ടായിരുന്നു ഓരോ കാലത്തെയും നവീകരണം. കാപ്പിറ്റോൾ ബിൽഡിംഗ് സ്വാതന്ത്ര്യവും രാഷ്ട്രത്തിന്റെ ആദർശവും പ്രതിനിധീകരിക്കുമ്പോൾ, രാജ്യത്തിന്റെ ചീഫ് എക്സിക്യുട്ടീവ് ആയ പ്രസിഡന്റിന്റെ പരമാധികാരത്തിന്റെയും നയതന്ത്രജ്ഞതയുടെയും പ്രതീകമാണ് വൈറ്റ് ഹൗസ്.
1793-ലാണ് വൈറ്റ് ഹൗസിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പ്രഥമ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ കാലത്തായിരുന്നു അത്. നിർമ്മാണം പൂർത്തിയാകും മുമ്പ് അദ്ദേഹം പടിയിറങ്ങി. രണ്ടാമത്തെ പ്രസിഡന്റ് ജോൺ ആദംസാണ് 1800 നവംബർ ഒന്നിന് വൈറ്റ് ഹൗസിലെ ആദ്യ അന്തേവാസിയായത്. അദ്ദേഹത്തിന്റെ കാലാവധി തീരാൻ അപ്പോൾ മാസങ്ങളേ അവശേഷിച്ചിരുന്നുള്ളു. 1814 ആഗസ്റ്റിൽ കാനഡയിൽ അമേരിക്കൻ സേന ചില ബിൽഡിംഗുകൾ തകർത്തതിന് മറുപടിയായി ബ്രിട്ടീഷ് സേന വാഷിംഗ്ടൺ പിടിക്കുകയും വൈറ്റ് ഹൗസ് മന്ദിരം കത്തിക്കുകയും ചെയ്തു. 1815-ൽ പുനർനിർമ്മാണം ആരംഭിക്കുകയും 1817-ൽ പ്രസിഡന്റ് ജെയിംസ് മൺറോ താമസം ആരംഭിക്കുകയും ചെയ്തു. 1833-ലാണ് വൈറ്റ് ഹൗസിൽ ഗ്യാസ് ലൈറ്റിംഗ് സംവിധാനം വരുന്നത്.
എബ്രഹാം
ലിങ്കൺ
അമേരിക്കയെ ഏറ്റവും സ്വാധീനിച്ച പ്രസിഡന്റുമാരുടെ മുൻനിരയിലാണ് എബ്രഹാം ലിങ്കന്റെ സ്ഥാനം. വൈറ്റ് ഹൗസ് കോറിഡോറിലൂടെ നടക്കുമ്പോൾ നമ്മളെ വരവേൽക്കുന്നത് എബ്രഹാം ലിങ്കന്റെ പ്രതിമയാണ്.അടിമകളുടെ മോചനത്തിന് ലിങ്കൺ ഉത്തരവിട്ടത് വൈറ്റ് ഹൗസിലിരുന്നാണ്. അമേരിക്കൻ ആഭ്യന്തര യുദ്ധത്തെ ഫലപ്രദമായി അമർച്ചചെയ്യാനും കഴിഞ്ഞു. വളരെ താണ നിലയിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ലിങ്കൺ. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റ്. 1861-ലാണ് അധികാരമേറ്റത്. 1865-ൽ വധിക്കപ്പെട്ടു.
ലിങ്കന്റെ മൃതദേഹം വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ പൊതുദർശനത്തിനു വച്ചപ്പോൾ ജനലക്ഷങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്. നാല് അമേരിക്കൻ പ്രസിഡന്റുമാർ ലിങ്കനടക്കം ഭരണകാലയളവിൽ വധിക്കപ്പെട്ടു.
ജെയിംസ് ഗാരിഫീൽഡ്, വില്യം മക്കിൻലി, ജോൺ എഫ്. കെന്നഡി എന്നിവരാണ് മറ്റുള്ളവർ. ഇതിൽ കെന്നഡിയുടെ വധം കോളിളക്കം സൃഷ്ടിച്ചു. എല്ലാവരെയും വെടിയേറ്റു മരിക്കുകയായിരുന്നു.
വൈറ്റ്ഹൗസിലെ
കല്യാണമേളം
അമേരിക്കൻ പ്രസിഡന്റ് പദം അലങ്കരിക്കുന്നതിനിടെ മൂന്നു പ്രസിഡന്റുമാരാണ് വിവാഹിതരായത്. ഇതിൽ ഗ്രോവർ ക്ളീവ് ലാൻഡിന്റെ വിവാഹം മാത്രമാണ് വൈറ്റ് ഹൗസിനുള്ളിൽ നടന്നത്. വൈറ്റ് ഹൗസിലെ ബ്‌ളൂ റൂമിൽ വച്ചായിരുന്നു മിന്നുകെട്ട്. 1886-ലായിരുന്നു ഇത്. ക്ളീവ് ലാൻഡിന് പ്രായം 49 ആയിരുന്നു. വധുവായ ഫ്രാൻസസ് ഫോൾസമിന് 21. ആദ്യ ഭാര്യമാരുടെ മരണത്തെ തുടർന്ന് ജോൺ ടെയ്‌ലറും, വുഡ്‌റൂവിൽസണും പുനർവിവാഹം നടത്തിയതും പ്രസിഡന്റ് പദവിയിൽ ഇരിക്കുമ്പോഴാണ്. ചടങ്ങ് വൈറ്റ് ഹൗസിനു പുറത്തായിരുന്നുവെന്ന് മാത്രം.
എക്‌സിക്യുട്ടീവ് മാൻഷൻ എന്നറിയപ്പെട്ട പ്രസിഡന്റ് മന്ദിരത്തിന് വൈറ്റ് ഹൗസ് എന്നു പേരിട്ടത് തിയഡോർ റൂസ്‌വെൽറ്റ് ആയിരുന്നു. ആദ്യം മുതൽക്കെ വൈറ്റ് ഹൗസ് എന്നു പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക രേഖകളിലാക്കിയത് 1902-ൽ തിയഡോർ റൂസ്‌വെൽറ്റിന്റെ കാലത്താണ്. മുഖ്യ ബിൽഡിംഗിന്റെ നിർമ്മാണത്തിന് വൈറ്റ് സ്‌റ്റോൺസാണ് ഉപയോഗിച്ചിരുന്നത്. വൈറ്റ് ഹൗസ് എന്ന പേരിന് ഒരു കാരണം അതായിരുന്നു.
ഫ്രാങ്ക്ളിൻ
റൂസ്‌വെൽറ്റ്
അമേരിക്കയെ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റായിരുന്നു. 1933 മുതൽ 1945 വരെ തുടർച്ചയായ നാലു ടേമിൽ അദ്ദേഹം ഭരിച്ചു. രണ്ടു ടേമിൽ കൂടുതൽ ഭരിച്ച ഒരേയൊരു പ്രസിഡന്റും ഇദ്ദേഹം തന്നെ.
മാന്ദ്യത്തിന്റെയും രണ്ടാം ലോക യുദ്ധത്തിന്റെയും കാലത്ത് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റായിരുന്നു പ്രസിഡന്റ്. അന്ന് പ്രസിഡന്റിന് കാലാവധി നിശ്ചയിച്ചിരുന്നില്ല. എന്നാൽ 1951-ൽ ഭരണഘടനാ ഭേദഗതിയിലൂടെ രണ്ടു ടേമായി കാലാവധി നിശ്ചയിച്ചു. രാഷ്ട്രത്തെ ആദ്യമായി റേഡിയോയിലൂടെ അഭിസംബോധന ചെയ്തതും റൂസ്‌വെൽറ്റായിരുന്നു.
ട്രംപിന്റെ
സത്യപ്രതിജ്ഞ
അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായാണ് തന്റെ രണ്ടാം ടേമിൽ ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത്. ഇതിനോടകം രണ്ട് ഫുൾടേം 14 പേർക്കേ ലഭിച്ചിട്ടുള്ളു. ഏറ്റവും ഒടുവിൽ ബരാക് ഒബാമയാണ് രണ്ടു ടേം പൂർത്തിയാക്കിയത്. അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണം ജനുവരി 20-നാണ് പതിവായി നടക്കുക.
ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുന്നത് അമേരിക്കൻ സെനറ്റും കോൺഗ്രസുമൊക്കെ ചേരുന്ന കാപ്പിറ്റോൾ ബിൽഡിംഗിനു മുന്നിൽ, ഓപ്പൺ എയറിലാണ്.
വൈറ്റ് ഹൗസിലെത്തുന്ന ട്രംപിനെ, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ച് അകത്തേക്ക് ആനയിക്കും. തുടർന്ന് പ്രത്യേകം പ്രത്യേകം വാഹനങ്ങളിൽ മോട്ടോർ കേഡിന്റെ അകമ്പടിയോടെ കാപ്പിറ്റോളിലേക്കു പോകും. അമേരിക്കൻ സമയം 12 മണിക്കാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരമേൽക്കുമ്പോൾ വൈറ്റ് ഹൗസ് വീണ്ടും 'വൈറ്റ് ഹൗസായി" മാറുമെന്നാണ് ട്രംപ് അനുകൂലികൾ പറയുന്നത്. നല്ല തണുപ്പാണ് ഇപ്പോൾ. അതിനെ അവഗണിച്ചും ലക്ഷങ്ങൾ പങ്കെടുക്കും. തണുപ്പിലാണ് അധികാരമേൽക്കുന്നതെങ്കിലും തണുപ്പൻ മട്ടുകാരനല്ല ട്രംപ്. ഇനി 'തീരുമാനങ്ങളുടെ ചൂടുകാലം" ആകും വൈറ്റ് ഹൗസിൽ.
ബോക്സ്
......................
വിരുന്നിലെത്തിയ
റഷ്യൻ നിലവിളി!
സോവിയറ്റ് പ്രസിഡന്റ് ഗോർബച്ചേവും പത്‌നി റെയ്സയും അമേരിക്കയിൽ എത്തിയ വേളയിൽ പ്രസിഡന്റ് റൊണാൾഡ് റീഗൻ അവർക്ക് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കി. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം.സത്‌ക്കാരം തുടങ്ങും മുമ്പ് സുരക്ഷാവിഭാഗം ഒരിക്കൽക്കൂടി കണക്കെടുത്തപ്പോൾ ഒരാൾ അധികം. ലിസ്റ്റ് എടുത്ത് പരിശോധന തുടങ്ങി. ഒടുവിൽ സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ചു കടന്നയാളെ കണ്ടുപിടിച്ചു- ടൈം മാഗസിന്റെ ലേഖിക നാൻസി ട്രേവർ ആയിരുന്നു അത്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ അവരെ പിടിച്ചുകൊണ്ടുപോയപ്പോൾ, 'എന്നെ വിടൂ" എന്ന് അവർ റഷ്യൻ ഭാഷയിൽ അലറിവിളിച്ചു.
ഒരു യുതി റഷ്യൻ ഭാഷയിൽ കരഞ്ഞുവിളിക്കുന്നതു കേട്ട റെയ്സ ഗോർബച്ചേവ് അവരെ തന്റെയടുത്തേക്ക് കൊണ്ടുവരാൻ പറഞ്ഞു. ടൈം മാഗസിന്റെ മോസ്‌കോ ലേഖികയായി നാൻസി രണ്ടുവർഷം പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് റഷ്യൻ ഭാഷ പഠിച്ചത്. റെയ്സയ്‌ക്ക് അലിവു തോന്നി. തന്റെ അതിഥിയായി പരിഗണിക്കാൻ പറഞ്ഞു. അങ്ങനെ ആ വിരുന്നിൽ നാൻസി പങ്കെടുത്തു. അതു കഴിഞ്ഞ് അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് മനോഹരമായൊരു റിപ്പോർട്ട് അവർ എഴുതുകയും ചെയ്തു. പത്രപ്രവർത്തനത്തിലെ ധീരതയുടെ ഉദാഹരണമായും വൈറ്റ് ഹൗസിലെ സുരക്ഷാ വീഴ്ചയുടെ ഉദാഹരണമായും ഇതിനെ വിലയിരുത്താറുണ്ട്.