പൂവൻപാറ പാലത്തിലെ യാത്രയ്ക്ക് ഇനി പേടി വേണ്ട
ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന്റെ കൈവരികളിലെ സംരക്ഷണവേലിയുടെ നിർമ്മാണം ആരംഭിച്ചു. ഒ.എസ്. അംബിക എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15.80 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണ വേലി നിർമ്മിക്കുന്നത്. ദേശീയപാത പൊതുമരാമത്ത് വിഭാഗത്തിനാണ് നിർമ്മാണച്ചുമതല. പാലത്തിന്റെ കൈവരികളിൽ പത്തടി ഉയരത്തിൽ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് അതിൽ ഇരുമ്പിന്റെ തന്നെ വല സ്ഥാപിച്ചാണ് സംരക്ഷണ വേലി നിർമ്മിക്കുന്നത്. പൂവമ്പാറ പാലത്തിൽ സംരക്ഷണവേലി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളകൗമുദി മുമ്പ് വാർത്ത നൽകിരുന്നു. പാലത്തിലെ സംരക്ഷണ വേലി യാഥാർത്ഥ്യമാക്കുന്നതോടെ നാട്ടുകാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാകും.
ഫയർഫോഴ്സിന് ആശ്വാസം
പാലത്തിന്റെ കൈവരിയുടെ ഉയരക്കുറവുകാരണം നിരവധി പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. രാത്രികാലങ്ങളിൽ നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതും പാലത്തിൽ നിന്ന് നദിയിലേക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരും നിരവധിയാണ്. തൊട്ടടുത്തുള്ള ഫയർഫോഴ്സിന് ഈ ആത്മഹത്യകൾ പ്രധാന പ്രശ്നമായി മാറിയിട്ട് കാലങ്ങളായി. നിരവധി ജീവനുകളെ സേന രക്ഷിച്ചിട്ടുണ്ട്. പാലത്തിന് സമീപം ആളുകൾ അലസമായി ചുറ്റിത്തിരിയുന്നത് കണ്ടാൽ നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയാണ് പതിവ്. പാലത്തിൽ സംരക്ഷണവേലി കെട്ടിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.
ക്യാമറ വേണം
വാഹനാപകടങ്ങൾക്ക് ഏറെ സാദ്ധ്യതയുള്ള ഈ മേഖലയിലും പാലത്തിന് ഇരുവശവും ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നാട്ടുകാരോ യാത്രക്കാരോ പറഞ്ഞാണ് മിക്കവാറും പാലത്തിന് സമീപത്തുള്ള ഫയർഫോഴ്സ് അപകടങ്ങൾ അറിയുന്നത്. എന്നാൽ, യഥാസമയം അറിയാൻ കഴിഞ്ഞില്ലെങ്കിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. ക്യാമറ സ്ഥാപിച്ച് ഇവർക്ക് നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയാൽ പെട്ടെന്നുതന്നെ പ്രവർത്തിക്കാൻകഴിയും.