കണ്ണമ്മൂല -ചെന്നിലോട്, അയ്യങ്കാളി റോഡ്; ഇഴഞ്ഞു നീങ്ങി നിർമ്മാണം

Sunday 19 January 2025 3:44 AM IST

3 വർഷമായിട്ടും നിർമ്മാണം തീർന്നില്ല

തിരുവനന്തപുരം: കണ്ണമ്മൂല - ചെന്നിലോട് അയ്യങ്കാളി റോഡ് നിവാസികളെ വലച്ച് റോഡ് പണി.നിർമ്മാണം ഇഴയാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമാകുന്നു.വെട്ടിക്കുഴിച്ച് കുളമാക്കിയ റോഡിലൂടെ നടന്നുപോലും ജനങ്ങൾക്ക് വീടെത്താനാകാത്ത സ്ഥിതിയാണ്.

പേട്ട പള്ളിമുക്ക് - മെഡിക്കൽ കോളേജ് റോഡിൽ കണ്ണമ്മൂല ആമയിഴഞ്ചാൻ തോടിന് ഓരം ചേർന്നുള്ള ചെന്നിലോട് അയ്യങ്കാളി റോഡ് പണിയാണ് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം നിരന്തരം വെട്ടിപ്പൊളിച്ച് കാൽനട പോലും അസാദ്ധ്യമായ നിലയിൽ കിടക്കുന്നത്.

മഴക്കാലമായാൽ റോഡേത്,തോടേതെന്ന് തിരിച്ചറിയാനാകില്ല.കണ്ണമ്മൂല ആമയിഴഞ്ചാൻ തോടിന്റെ കരയിലും രണ്ടുകിലോമീറ്റർ ചുറ്റളവിലും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളാണ് റോഡ് നിർമ്മാണം കാരണം ദുരിതത്തിലായിരിക്കുന്നത്.

കുമാരപുരം റോഡിൽ നിന്ന് ദിവ്യപ്രഭ കണ്ണാശുപത്രി മുതൽ താഴോട്ട് ആമയിഴഞ്ചാൻ തോടുവരെയെത്തുന്ന പടിഞ്ഞാറ്റിൽ - ചെന്നിലോട്ടെ ഒന്നര കിലോമീറ്റർ ദൂരം സ്വീവറേജിന് കുഴിയെടുത്ത കണക്കിൽ ഇറിഗേഷൻ വകുപ്പ് ഒന്നരക്കോടി രൂപയിലേറെ കോർപ്പറേഷന് അടയ്ക്കേണ്ടതുണ്ടെന്ന് നഗരസഭ പറയുന്നു. മുൻകൂർ അനുമതി വാങ്ങി റോഡ് കുഴിച്ചശേഷം പണമടയ്ക്കാത്തതുകൊണ്ടാണ് ഫണ്ട് തടസപ്പെട്ട് പണികൾ നീണ്ടു പോകുന്നതെന്ന് നഗരസഭാ അധികൃതർ പറയുന്നു.

ഇപ്പം ശരിയാക്കാം...

ഒരു മീറ്ററെന്നു പറഞ്ഞ് സ്വീവറേജ് പണിക്കായിട്ടാണ് ആദ്യം റോഡ് കുഴിച്ചത്.പിന്നാലെ അമൃതം കുടിവെള്ള പൈപ്പിടലിന് വേണ്ടിയും.മൂന്നാമൂഴം സിറ്റി ഗ്യാസ് കണക്ഷനു വേണ്ടിയിട്ടുള്ള കുഴിക്കലാണ് അരങ്ങേറിയത്. അപ്പോഴേക്കും ഒരു മീറ്റർ വീതം വച്ച് ഏതാണ്ട് റോഡ് മുഴുവൻ മൂന്നു വകുപ്പുകൾ ചേർന്ന് കുഴിച്ചു റോഡ് പൂർണമായും കുഴി‌ച്ചു കുളമാക്കി.

കുമാരപുരം ദിവ്യപ്രഭ -

ചെന്നിലോട് റോഡ്

20 ലക്ഷം രൂപ കോർപ്പറേഷൻ പ്ലാനിംഗ് ഫണ്ടിൽ കുമാരപുരം പടിഞ്ഞാറ്റിൽ - അറപ്പുര റോഡ് - ചെന്നിലോട് റോഡിലെ ടാറിടൽ - നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതിന്റെ കരാർ ഷാബു എന്ന കോൺട്രാക്ടർ ഏറ്റെടുത്തിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു. ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങും.

നാട്ടുകാർക്ക് പറയാനുണ്ട്

1. നടന്നുപോകാൻ കഴിയില്ല.ടൂവീലറോ,ഓട്ടോയിലോ ഇതുവഴി പോയാൽ നടുവൊടിയും.

2.നിത്യേന ടൂവീലറിൽ പോകുന്നവർക്ക് രൂക്ഷമായ നട്ടെല്ല് വേദന ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു.

3.അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ട രോഗികളെ കൊണ്ടുപോകാൻ കഴിയുന്നില്ല

4.സഞ്ചാരയോഗ്യമല്ലാത്തതിനാൽ വീട്ടിലേക്ക് അതിഥികളെ പോലും വിളിക്കാൻ പറ്റുന്നില്ല

5.മഴ പെയ്താൽ പുറത്തിറങ്ങാനോ,റോഡിലേക്കിറങ്ങാനോ കഴിയില്ല.വെള്ളക്കെട്ട് ശമിക്കുന്നതുവരെ വീട്ടിലിരിക്കേണ്ട ദുരവസ്ഥ.