വൈക്കത്ത് നീലകണ്ഠഹാളിൽ അഗ്നിബാധ
വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നീലകണ്ഠഹാളിൽ അഗ്നിബാധ. ഇന്നലെ രാവിലെ 9.30ഓടെ റോഡിലൂടെ പോയ യാത്രക്കാരാണ് ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത്. വൈക്കം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കന്നഡ തെലുങ്ക് സമൂഹത്തിന്റെ ഉടമസ്ഥതയിലാണ് ഹാൾ. തടിയിൽ നാലുകെട്ടോടെ നിർമ്മിച്ചിട്ടുള്ള ഹാളിന് നാലുനൂറ്റാണ്ടിനു മുകളിൽ പഴക്കമുണ്ട്.. എല്ലാ ദിവസവും ഇവിടെ നിലവിളക്ക് വച്ച് ആരാധന നടത്തി വരാറുണ്ട്. പതിവുപോലെ ഇന്നലെ രാവിലെയും നിലവിളക്ക് കൊളുത്തി പ്രാർഥന കഴിഞ്ഞു ദീപം അണച്ചു മടങ്ങിയതാണ്. നിലവിളക്കിനു മുകളിലായി വലിച്ചു കെട്ടിയിരുന്ന തുണിയിലേക്കു വിളക്കിൽ നിന്നും തീപടർന്നു കത്തിയതാകാമെന്ന് കരുതുന്നു. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വൈക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ടി പ്രതാപ് കുമാർ, സീനിയർ ഫയർ ആന്റ് റസ്‌ക്യു ഓഫീസർ എസ് രഞ്ജിത്ത്, പി.എൻ അഭിലാഷ്, ബി അൻസാർ, എസ് കൃഷ്ണകുമാർ, വി.എം ജയേഷ്, ഉണ്ണിക്കൃഷ്ണൻ എന്നിവർ തീയണക്കാൻ നേതൃത്വം നൽകി.