വിജിലൻസ് കടുപ്പിച്ചപ്പോൾ സർക്കാർ അപേക്ഷ തള്ളി ; കൈക്കൂലി കേസിൽപ്പെട്ട വില്ലേജ് ഓഫീസർക്ക് സ്ഥലം വിടാം

Saturday 18 January 2025 10:07 PM IST

കാസർകോട്: അടൂർ വില്ലേജ് ഓഫീസർ ചുമതലയിരിക്കെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ കാറിൽനിന്ന് ഇരുപതിനായിരം രൂപ വിജിലൻസ് പിടികൂടിയ സംഭവത്തിൽ ഒന്നാംപ്രതി ചേർക്കപ്പെട്ട കളനാട് വില്ലേജ് ഓഫീസർ ആനന്ദ് എം.സെബാസ്റ്റ്യനെ കൈവിട്ട് സർക്കാർ. സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ 2024 മേയ് 14ന് ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയ നിർദ്ദേശം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ ചെയ്യിക്കാനായെങ്കിലും റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ.ബിജു കഴിഞ്ഞ 15ന് അന്തിമഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

റവന്യൂ വകപ്പിലെ സ്ഥലംമാറ്റം എച്ച്.ആർ.എം.എസ് മുഖേന ആയതിനാലും ക്യൂ ലിസ്റ്റ് നിലവിലില്ലാത്തതിനാലുമാണ് നിലവിൽ ഒഴിവുള്ള ഇടുക്കിയിലേക്ക് സ്ഥലംമാറ്റം അനുവദിച്ചതെന്നും കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന മുറയ്ക്ക് പിന്നീട് സ്ഥലംമാറ്റം അനുവദിക്കുന്നത് സർക്കാർ നിർദ്ദേശത്തിന് വിധേയമായി പരിഗണിക്കാവുന്നതാണെന്നും ലാൻഡ് റവന്യൂ കമ്മിഷണർ ട്രിബ്യൂണലിന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ആനന്ദ് എം.സെബാസ്റ്റ്യന്റെ അപേക്ഷ സർക്കാർ നിരസിച്ചത്. കാസർകോട് ജില്ലയിൽ തന്നെ പിടിച്ചുനിൽക്കാനുള്ള വില്ലേജ് ഓഫീസറുടെ ശ്രമത്തിനാണ് ഇതിലൂടെ തിരിച്ചടി ലഭിച്ചത്. കാസർകോട് റവന്യു ഉദ്യോഗസ്ഥർ അടങ്ങുന്ന സ്റ്റാഫ് കൗൺസിലിന്റെ ട്രഷറർ ആയിരുന്നു ആനന്ദ് സെബാസ്റ്റ്യൻ.

കുരുക്കിലാക്കി വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മൊഴി

തന്റെ കാറിൽ നിന്നും കണ്ടെത്തിയ പണം വില്ലേജ് ഓഫീസർക്ക് നൽകാനാണെന്ന് ഫീൽഡ് അസിസ്റ്റന്റ് നാരായണ വിജിലൻസിന് നൽകിയ മൊഴിയാണ് ആനന്ദ് സെബാസ്റ്റ്യന് കുരുക്കായത്. വില്ലേജ് ഓഫീസർക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതിന് കൂടുതൽ അന്വേഷണത്തിലാണെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുള്ളതിനാൽ പ്രതിയായ വില്ലേജ് ഓഫീസറെ വിദൂര ജില്ലയിലേക്ക് സ്ഥലംമാറ്റണമെന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചത്.ഈ നിർദ്ദേശം നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ 2024 നവംബർ 23 ന് ലാൻഡ് റവന്യൂ കമ്മിഷണർക്ക് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ ഉത്തരവിനെതിരെ ട്രിബ്യൂണലിൽ നിന്ന് നവംബർ 29 ന് സ്റ്റേ സമ്പാദിക്കാൻ ആനന്ദ് സെബാസ്റ്റ്യന് സാധിച്ചിരുന്നു. വിജിലൻസ് നിലപാട് കടുപ്പിച്ചതോടെ ഈ വിഷയത്തിൽ സാങ്കേതികത ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം നടപ്പാക്കാൻ ലാൻഡ് റവന്യു കമ്മിഷണർക്ക് ഉത്തരവിടേണ്ടിവന്നു.

വില്ലേജ് അസിസ്റ്റൻഡ് സസ്പെൻഷനിൽ

നാരായണയുടെ അയൽവാസിയാണ് കൈക്കൂലി പണം നൽകിയത്. ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങിച്ചു നൽകുന്ന ഇടനിലക്കാരനായി വില്ലേജ് അസിസ്റ്റൻഡ് പ്രവർത്തിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വില്ലേജ് ഓഫീസർക്ക് വേണ്ടി നൽകിയ പണം അദ്ദേഹമാണ് തന്റെ കാറിൽ വച്ചതെന്നായിരുന്നു നാരായണ നൽകിയ മൊഴി.സംഭവത്തിൽ ആദ്യം തന്നെ നാരായണയെ സസ്പെൻഡ് ചെയ്തിരുന്നു.

.