റോഡ് കുരുതിക്കളമാക്കുന്നു ജനുവരി; 18 ദിവസം , 11 മരണം

Saturday 18 January 2025 10:11 PM IST

കണ്ണൂർ:പുതുവർഷത്തിന്റെ തുടക്കം തന്നെ വാഹനാപകടങ്ങളുടെ എണ്ണം റെക്കോർഡിലേക്ക്. ജനുവരിയിലെ പതിനെട്ടു ദിവസങ്ങൾ പിന്നിടുമ്പോൾ കണ്ണൂർ ജില്ലയിൽ മാത്രം വാഹനാപകടത്തിൽ 11 ജീവനുകളാണ് പൊലിഞ്ഞത്. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച കെ.എസ്.ടി.പി റോഡ് പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് സമീപം ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരിണാവ് സ്വദേശിനികളായ രണ്ട് സ്ത്രീകൾ മരിച്ചതാണ് കൂട്ടത്തിൽ അവസാനത്തേത്. ഈ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.

ഇതിന് ഒരു ദിവസം മുമ്പാണ് മട്ടന്നൂർ-തലശ്ശേരി റോഡിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും കാറിലും ആംബുലൻസിലും ഇടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റത്.പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനക്കിറങ്ങിയിട്ടും അപകടങ്ങൾ കുറഞ്ഞിട്ടില്ല. ഭൂരിഭാഗം അപകടങ്ങൾക്ക് പിന്നിലും അമിത വേഗതയോ റോഡിലെ സാഹസികതയോ അല്ലെന്നാണ് വിലയിരുത്തൽ .

ഹൈസ്പീഡിൽ അപകടനിരക്ക്

കൂത്തുപറമ്പിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (31) കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം. മട്ടന്നൂർ ഉളിയിൽ കാറും ബസും കൂട്ടിയിയിച്ച് രണ്ടുപേരും മരിച്ചു. വിവാഹ വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയി മടങ്ങുന്ന സംഘം സഞ്ചരിച്ച കാറിൽ സ്വകാര്യ ബസിടിച്ച് പ്രതിശ്രുത വരന്റെ അമ്മയും ബന്ധുവാണ് ആ അപകടത്തിൽ മരിച്ചത്.പത്തിന് കണ്ണൂർ ടൗണിൽ തളാപ്പിൽ ഡിവൈഡറിൽ ഇടിച്ചു മറി‍ഞ്ഞ് ബൈക്കിൽ നിന്നും തെറിച്ചുവീണ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചതാണ് മറ്റൊരു സംഭവം. തലശ്ശേരിയിൽ 11ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ കുണ്ടുചിറ ബുഷറാസിൽ മുസമ്മൽ ദേഹത്തു കാർ കയറി മരിച്ചതാണ് മറ്റൊരു സംഭവം.മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് കൊല്ലപ്പെട്ടതും രണ്ടാഴ്ചയ്ക്കിടയിലാണ്.പെരളശ്ശേരി കമാനം സ്റ്റോപ്പിനടുത്ത് സ്വകാര്യ ബസിനു പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എട്ടു പേർക്ക് പരുക്കേറ്റതും ഇതെ കാലയളവിൽ തന്നെ.നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ സ്കൂട്ടറിടിച്ച് പാണപ്പുഴ മുടേങ്ങ എടാടൻ വീട്ടിൽ പ്രഭാകരന്റെ മരണവും ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ പിലാത്തറ സ്വദേശി മരിച്ചതും പുതുവർഷപ്പിറവിയുടെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു. ചെങ്ങളായി വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി നേദ്യ മരിച്ചതും ജനുവരിയിലെ ഞെട്ടിച്ച ദുരന്തങ്ങളിലൊന്നായിരുന്നു.

അപകടങ്ങളിലേക്ക് ഓടിക്കയറുന്നത്

വേഗതാ നിയന്ത്രണ ബോർഡുകൾ ഗൗരവത്തിലെടുക്കാതെ

എതിർ ദിശയിൽ നിന്നുള്ള വാഹനത്തെ കണ്ടാലും വേഗത കുറക്കാതെ

നിയമപരമായ വേഗ പരിധി പാലിക്കാതെ

റോഡിലെ വരകൾ ശ്രദ്ധിക്കാതെ ഓവർടേക്ക്

മദ്യപിച്ചും മൊബൈൽ ഫോണിൽ സംസാരിച്ചും

2024

ആകെ അപകടങ്ങൾ 2700

മരണം 212

ഗുരുതരമായി പരുക്കേറ്റവർ 1500

ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.അപകടങ്ങൾ കുറക്കുന്നതിന് ബോധവത്ക്കരണങ്ങൾ നൽകി വരുന്നുണ്ട്.അത് കൂടുതൽ ശക്തമാക്കും.വാഹനാപകടങ്ങൾ കുറക്കുന്നതിനാവശ്യമായ വിശദപദ്ധതി തയ്യാറാക്കി വരികയാണ്.

ബി.സാജു ,എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ,കണ്ണൂർ