ആയുർവേദവും ടൂറിസവും ഇഴചേർന്നാൽ കേരളത്തി​ന്റെ വികസനം ഉറപ്പ്

Sunday 19 January 2025 2:28 AM IST

കേരളകൗമുദിയുടെ ആയുർവേദ - ടൂറിസം കോൺക്ലേവിലുയർന്നത് ഇരു വിഭാഗങ്ങളെയും കൂട്ടിയിണക്കി ആവിഷ്ക്കരിക്കാവുന്ന നൂതന ആശയങ്ങളാണ്. വിനോദസഞ്ചാരാധിഷ്ഠിതമായ ആയുർവേദ ചികിത്സയുടെ പ്രധാന്യവും, സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു. കോൺക്ലേവിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് മോഡറേറ്ററായിരുന്നു. ആയു‌ർവേദ ഡോക്ടർമാർ, ടൂറിസം രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ, വ്യവസായികൾ തുടങ്ങിയവ‌ർ പങ്കെടുത്തു.

1.ഡോ. രവികുമാർ കല്യാണിശേരിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ്

നാടിന്റെ വികസനത്തിന് ഊന്നൽ നൽകിയുള്ള ഏറ്റവും പ്രാധാന്യവും, ദ്രുതഗതിയിൽ നടപ്പാക്കാനാവുന്നതുമായ പദ്ധതികളെ ജനകീയ ചർച്ചകളിലെത്തിക്കുന്ന കേരളകൗമുദി പത്രമാദ്ധ്യമത്തിലുപരി സാമൂഹികപ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ്. ചികിത്സാധിഷ്ഠിത ടൂറിസത്തിന്റെ പ്രാധാന്യം വർദ്ധിച്ചുവരികയാണ്. കേന്ദ്രസർക്കാരിന്റെ ഹീൽ ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ കേരളത്തിൽ നിർബന്ധമായും നടപ്പിലാക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിൽ ചികിത്സാ ചെലവ് താരതമ്യേന കൂടുതലാണ്. ടൂറിസ്റ്റുകളിലേക്ക് ആയുർവേദ ചികിത്സയുടെ പ്രാധാന്യമെത്തിച്ചാൽ മറ്റ് രാജ്യങ്ങളിലേക്ക് അവ പ്രചരിപ്പിക്കാൻ സഞ്ചാരികൾക്കും ഉത്സാഹമുണ്ടാകും. ഒരു ദിവസം തുടങ്ങുന്നത് മുതൽ ഉറങ്ങുന്നത് വരെ ആയുർവേദ വിധിപ്രകാരം പാലിക്കേണ്ട കർമ്മങ്ങളെ വളരെ എളുപ്പത്തിൽ വിനോദസഞ്ചാരികളിലെത്തിക്കാനാവും. ഇത്തരം ചെറിയ തുടക്കങ്ങൾ പോലും വലിയ ആയുർവേദ - ടൂറിസം രംഗത്തിന്റെ വലിയ വികസനത്തിലേക്ക് നയിക്കും.

2.ടോമി പുലിക്കാട്ടിൽ പ്രമുഖ ടൂറിസം സംരംഭകൻ

ടൂറിസം രംഗം ആലപ്പുഴയുടെ സമഗ്രവികസനത്തിന് ഇനിയും പര്യാപ്തമായിട്ടില്ല. സഞ്ചാരികളെ ചുരുങ്ങിയത് മൂന്ന് നാല് ദിവസമെങ്കിലും ആലപ്പുഴയിൽ തങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ആയുർവേദം, സാഹസിക ടൂറിസം തുടങ്ങി വിവിധ മേഖലകളെ ഏകോപിപ്പിക്കണം. സഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുന്നത് ഡെസ്റ്റിനേഷനുകൾക്ക് സാമ്പത്തിക വളർച്ചയുണ്ടാക്കും. ആലപ്പുഴയുടെ നഷ്ടപ്രതാപത്തെ ഒരുപരിധിവരെ വീണ്ടെടുക്കാൻ സഹായിച്ചത് ഹൗസ്ബോട്ട് മേഖലയാണ്. ആലപ്പുഴയുടെ ചരിത്രം പറയുന്ന മ്യൂസിയത്തിന്റെ ആഭാവം ജില്ലയ്ക്കുണ്ട്. വാട്ടർതീം പാർക്ക്, സാഹസിക പാർക്ക് തുടങ്ങി വൻ സാധ്യകളുള്ള മണ്ണാണ് ആലപ്പുഴ. സീ പ്ലെയിൻ പദ്ധതി വന്നാൽ വികസന സാധ്യത കുതിച്ചുയരും. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കൃഷി രീതികൾ, കള്ള് ചെത്ത്, കയർ പിരി, കക്കാ വാരൽ തുടങ്ങി നാട്ടിലെ കാഴ്ച്ചകൾ സഞ്ചാരികളിലെത്തിക്കണം. ടൂറിസം പൊൻമുട്ടയിടുന്ന താറാവാണ്.

3.ഡോ. കെ.എസ് വിഷ്ണു നമ്പൂതിരി ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ

കേരളത്തിന്റെ വരുമാനത്തിൽ, വിനോദസഞ്ചാരത്തെക്കാൾ കൂടുതൽ സംഭാവന നൽകിക്കൊണ്ടിരിക്കുന്ന മേഖലയാണ് ആയുർവേദം. എന്നിട്ടും ആയുർവേദത്തെ എങ്ങനെ കാണുന്നുവെന്ന് ചിന്തിക്കണം. ലോകജനതയിൽ അഞ്ച് ശതമാനത്തിന് മാത്രമേ ആയുർവേദം എന്ന വാക്കറിയൂ. ഇത് പത്ത് ശതമാനമായി ഉയർത്താനായാൽ കേരളത്തിന്റെ വരുമാനം പതിനഞ്ച് മടങ്ങായി വർദ്ധിക്കും. രോഗങ്ങൾ വരാതെ എങ്ങനെ ജീവിക്കാമെന്ന് പഠിപ്പിക്കുന്ന സ്വസ്ഥ വൃത്തം മുതൽ ആയുർവേദത്തിലെ പരമ്പരാഗത ചികിത്സാ രീതികളെ കേരളവും, ആലപ്പുഴയും കാണാനെത്തുന്ന സഞ്ചാരികളിലെത്തിക്കണം. കർക്കടക ചികിത്സ പോലുള്ള രോഗപ്രതിരോധ മാർ‌ഗ്ഗങ്ങൾ തേടിയെത്തുന്ന ധാരാളം സഞ്ചാരികളുണ്ട്.

4. ഡോ.എ.വി.ആനന്ദ് രാജ്

എം.ഡി, ആനന്ദ മെഡിക്കൽ സെന്റർ

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളം കാണാനെത്തുന്ന പലരുടെയും മനസ്സിൽ ആയുർവേദ ചികിത്സ എന്ന ലക്ഷ്യവുമുണ്ട്. ഒരു തിരുമ്മലോ, കിഴിയോ മാത്രമല്ല പലപ്പോഴും അവരുടെ ആവശ്യം. വിശദമായ ആയുർവേദ ചികിത്സ ടൂറിസത്തിന്റെ ഭാഗമാക്കണം. ഹൗസ് ബോട്ടുകൾക്കും, റിസോർട്ടുകൾക്കും സഞ്ചാരികൾക്കായി ആയുർവേദ പാക്കേജുകളും നൽകാനാവും. രാവിലെ ചികിത്സ. ശേഷം നാട്ടിലെ കാഴ്ച്ചകൾ എന്ന തരത്തിൽ ക്രമീരിക്കാനായാൽ ആയുർവേദം ലക്ഷ്യമിട്ടെത്തുന്ന സഞ്ചാരികൾ സന്തുഷ്ടരാകും. കൂടുതൽപ്പേർ‌ ആലപ്പുഴയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കും.

5.സൗമ്യരാജ്

മുൻ ആലപ്പുഴ നഗരസഭാദ്ധ്യക്ഷ

വൃത്തിയുള്ള നഗരത്തിലാണ് ആരോഗ്യമുള്ള ജനത വസിക്കുന്നത്. അത്തരമൊരു നഗരത്തിലേക്ക് മാത്രമേ വിനോദസഞ്ചാരികളെ ആക‌ർഷിക്കാനാവു. അഴകോടെ ആലപ്പുഴ പോലുള്ള പദ്ധതികൾ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാണ്. രോഗത്തിന്റെ വേരിലേക്ക് ഇറങ്ങിച്ചെന്ന് ചികിത്സ നൽകുന്ന ആയു‌ർവേദത്തിന്റ പ്രസക്തി വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.

6.കെ.എൻ.പ്രേമാനന്ദൻ

എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി

ആയുർവേദ ചികിത്സയെ പ്രയോജനപ്പെടുത്തി ഏങ്ങനെ വരുമാനം വർദ്ധിപ്പിക്കാമെന്നതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് വിയറ്റ്നാമും, തായ്ലാൻഡും. അടുത്തിടെ ശരീര വേദനയ്ക്ക് വിയറ്റ്നാമിലെ ഒരു ഗ്രാമത്തിൽ ശരീര വേദനയ്ക്ക പരിഹാരമായി മുള കൊണ്ടുള്ള തിരുമ്മൽ ചികിത്സ നടത്തി. ഗംഭീര ചികിത്സയായിരുന്നു. ഇവിടെയാണ് കേരളത്തിന്റെ ആയുർവേദ ടൂറിസം സാധ്യതകളെ ചർച്ച ചെയ്യണ്ടത്. അടിസ്ഥാന വികസനങ്ങൾ വളർത്തിക്കൊണ്ട് വിവാദങ്ങളെ ഭയക്കാതെ, ഇച്ഛാശക്തിയോടെ ആലപ്പുഴയുടെ കനാലുകളും, കടലും,കായലും, കെട്ടിടങ്ങളും വൃത്തിയാക്കി ആയുർ‌വേദ ചികിത്സയ്ക്കുള്ള സാധ്യതകളെ വളർ‌ത്തണം. വിവാദങ്ങളെ ഭയക്കാത്ത മുഖ്യമന്ത്രിയും, ടൂറിസം മന്ത്രിയും ആശയങ്ങൾക്ക് പിന്തുണനൽകുമെന്ന് പ്രതീക്ഷിക്കുന്നു.

7.ഡോ.ഷിനോയ്

ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി

തിരുവനന്തപുരം മുതൽ കാസർ‌കോട് വരെ മസാജ് പാർലറുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. കൃത്യമായ ചികിത്സാ വിധികളോടുള്ള പാക്കേജുകളെ വേണം ജനങ്ങളിലെത്തിക്കാൻ. വിനോദസഞ്ചാര മേഖലയിലെ ആയുർവേദ ചികിത്സയുടെ പേരിൽ ശരിയല്ലാത്ത ചികിത്സാവിധികൾ പക‌ർന്നുകൊടുക്കരുത്.

8. ജോസുകുട്ടി ജോസഫ്

സംസ്ഥാന പ്രസിഡന്റ് , ആൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

ആയുർവേദ ചികിത്സ തേടിയെത്തുന്ന വിനോദസഞ്ചാരികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണം. കായൽതീരങ്ങളിൽ ധാരാളം മസാജ് പാർലറുകളുണ്ട്. അവിടെ ആകെ നൽകുന്നത് തിരുമ്മൽ മാത്രമാണ്. ചൂഷണങ്ങൾ വർദ്ധിക്കുന്നുണ്ട്. ആയുർവേദം എന്തെന്ന് സഞ്ചാരികളെ മനസ്സിലാക്കി കൊടുക്കണം. ആയുർവേദത്തിന്റെ സാധ്യതകൾ തത്വമൂല്യങ്ങളോടെ പകർന്നുകൊടുക്കാനുള്ള തുടക്കമായി കേരളകൗമുദിയുടെ ശ്രമത്തെ കാണുന്നു.

9. ഡോ.അവിനാഷ് ഹരി​ദാസ് , കെ.വി.എം ആശുപത്രി

കേരളത്തിന്റെ ഭൂമിശാസ്ത്രം ആയു‌ർവേദ ചികിത്സയ്ക്ക് ഏറെ അനുകൂലമാണ്. എല്ലാ വർഷവും രോഗപ്രതിരോധത്തിനുള്ള സുഖചികിത്സ തേടി കേരളത്തിലെത്തുന്ന വിദേശികളുണ്ട്. ഇത് വലിയ സാധ്യതയാണ്. ഇന്ത്യയിൽ കേരളത്തിലാണ് ആയുർവേദത്തിന് ഏറ്റവും വളക്കൂറുള്ളത്. ഈ സാധ്യതകളെ പ്രയോജനപ്പെടുത്താൻ സാധിക്കട്ടെ.

10. വി.എൻ.ബാബു

സംരംഭകൻ

ആയുർവേദത്തിന്റെ അനന്തസാധ്യതകളെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കണം. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്താൽ വൃത്തിയുടെ കാര്യത്തിൽ നമ്മൾ പിന്നിലാണ്. ഇത്തരം ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ ചെലുത്തി വേണം വിനോദസഞ്ചാര മേഖലയിലെ ആയു‌ർവേദത്തിന്റെ മുന്നേറ്റത്തിന് വേണ്ടി ശ്രമിക്കേണ്ടത്.