ടൂറിസം വളർച്ചയിൽ കലകൾക്കും പ്രാധാന്യം: ഫാ. വി.ടി.ജോസഫ് വലിയവീട്ടിൽ
ആലപ്പുഴ: ആയുർവേദത്തോടൊപ്പം ടൂറിസത്തിന്റെ വളർച്ചക്ക് കലകൾക്കും വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് കൃപാസനം സ്ഥാപക ഡയറക്ടർ ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ പറഞ്ഞു. ബീച്ച് ടൂറിസത്തെ പോലെ പാരമ്പര്യകലകൾക്കും പ്രാധാന്യം നൽകണം. പല പാരമ്പര്യ കലകൾക്കും മലയാളി സമൂഹം പ്രാധാന്യം നൽകാതെ വരുമ്പോൾ കഥകളി, ചവിട്ടുനാടകം, തുള്ളൽ ഉൾപ്പെടെയുള്ള കലകൾക്ക് വലിയ പ്രാധാന്യമാണ് സഞ്ചാരികളായി എത്തുന്നവർ നൽകുന്നത്.
ആയുർവേദത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴ. അതിന്റെ മഹത്വം മലയാളികൾ തിരിച്ചറിഞ്ഞ് ആയുർവേദത്തെയും പാരമ്പര്യകലകളെയും ബന്ധിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ നടപ്പാക്കണം. അതിലൂടെ നാടിന്റെ വികസനവും ജനങ്ങളുടെ ജീവിത നിലവാരവും ഉയർത്താൻ കഴിയും. വികസനത്തിന്റെ ഉൾക്കാഴ്ചയാണ് ഇത്തരത്തിലുള്ള സെമിനാർ നടത്താൻ കേരളകൗമുദിയെ പ്രേരിപ്പിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന കേരളകൗമുദിയുടെ മഹത്വം വലുതാണെന്നും ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ പറഞ്ഞു.