പറങ്കികൾ തൂക്കിലേറ്റിയ വലിയ ഹസന് കണ്ണൂരിൽ ഇന്ന് അനുസ്മരണം

Saturday 18 January 2025 10:44 PM IST

കണ്ണൂർ: അഞ്ഞൂറ് വർഷം മുമ്പ് അധിനിവേശത്തിനെത്തിയ പോർച്ചുഗീസുക്കാരെ കടലിൽ അതിശക്തമായി ചെറുക്കുകയും ഒടുവിൽ ചതിയിൽപെട്ട് പിടിയിലായി കണ്ണൂർ കോട്ടയിൽ വച്ച് തൂക്കിലേറ്റപ്പെടുകയും ചെയ്ത അറക്കൽ നാവികസേനാ നായകൻ ബലി ഹസൻ എന്ന വലിയ ഹസന് ഇന്ന് അനുസ്മരണം. വൈകിട്ട് നാലരക്ക് കണ്ണൂർ സിറ്റി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് അടക്കമുള്ള പ്രമുഖരും ചരിത്രകാരന്മാരും പങ്കെടുക്കും.

ബലി ഹസനെ പറങ്കികൾ തൂക്കിലേറ്റിയ 1525ലെ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ടയുടേയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന സന്ദർഭങ്ങളുടെ ചിത്രാവിഷ്കാരവും പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്ന പ്രദർശനഹാളിൽ സജ്ജീകരിക്കും. കാട്ടാമ്പള്ളി ദാറുൽ ഹസനാത്ത് കോളേജിലെ സിവിലൈസേഷൻ ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രദർശനം ഒരുക്കിയത്.

ബലി ഹസൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബഹുജന സമ്മേളനത്തിൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കണ്ണൂർ സർവ്വകലാശാല ചരിത്രവിഭാഗം മേധാവി ഡോ.മാളവിക ബിന്നി, കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിലെ അസി.പ്രൊഫസർ ഡോ.സിറാജുദ്ദീൻ, എം.എ.എം.ഒ കോളേജ് അസി.പ്രഫസർ ഡോ.അജ്മൽ മോയിൻ, ചരിത്ര ഗവേഷകരായ ഡോ. മോയിൻ മലയമ്മ, ഗ്രന്ഥകാരൻ സത്യൻ എടക്കാട് , തുടങ്ങിയവർ പങ്കെടുക്കും.

ബലി ഹസൻ എന്ന വലിയ ഹസൻ അഞ്ഞൂറു വർഷം മുമ്പ് അറക്കൽ രാജവംശത്തിന്റെ നാവിക സൈന്യത്തിന്റെ സേനാനായകൻ. സമുദ്രത്തിന്റെ സഞ്ചാര വഴികളും നാഡിമിടിപ്പുകളും കൃത്യമായി അറിയുന്ന ബലിയ ഹസൻ പോർച്ചുഗീസുകാർക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. ഉൾക്കടലിൽ ചെന്ന് നിരവധി മിന്നലാക്രമണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.കടൽകൊള്ളയിൽ കുപ്രസിദ്ധനായിരുന്ന ദോൺ ദുവാർതെ ഡി മെനെസസിന്റെ മകൻ ഹെൻറിക് ഡി മെനെസസിന്റെ കാലത്ത് കണ്ണൂരിൽ പോർച്ചുഗീസുകാരുടെ സെന്റ് ആഞ്ചലോസ് കോട്ടയിൽ വച്ചാണ് 525 വർഷം മുമ്പ് വലിയ ഹസനെ പറങ്കിപ്പട്ടാളം വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.