മോഷണം സുഹൃത്തിന്റെ ഭാര്യയുടെ നഷ്ടപ്പെടുത്തിയ മാലക്ക് പകരം നൽകാൻ: തുണി കഴുകുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ യുവാവിനെ ഒടുവിൽ പൊലീസ് പൊക്കി
പ്രതിയിലെത്തിയത് 3 മാസത്തെ അന്വേഷണത്തിനൊടുവിൽ
വെള്ളരിക്കുണ്ട് : സുഹൃത്തിന്റെ ഭാര്യയോട് കടം വാങ്ങിയ സ്വർണ്ണം ബാങ്കിൽ പണയപ്പെടുത്തി നഷ്ടപ്പെടുത്തിയ മാലയ്ക്ക് പകരം നൽകുന്നതിനായി തുണി അലക്കുകയായിരുന്ന വീട്ടമ്മയുടെ മാല പട്ടാപ്പകൽ പൊട്ടിച്ചോടിയ യുവാവിനെ മൂന്നുമാസത്തെ അന്വേഷണത്തിനൊടുവിൽ വലയിലാക്കി പൊലീസ് .മാലോം ചുള്ളി നായ്ക്കർ വീട്ടിൽ ഷാജി ആണ് (30) വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്. 2024 സെപ്റ്റംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തോട്ടിൽ തുണി അലക്കുകയായിരുന്ന മാലോം കാര്യോട്ട് ചാലിലെ അരുൺ ജോസിന്റെ ഭാര്യ മഞ്ജുവിന്റെ കഴുത്തിൽ നിന്ന് മീൻപിടിക്കാനെന്ന വ്യാജേന എത്തിയ ഷാജി ഒരു പവൻ തൂക്കമുള്ള മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. മഞ്ജു ബഹളം വച്ചപ്പോഴേക്കും ഷാജി മാലയുമായി കടന്നുകളഞ്ഞിരുന്നു. പിന്നീട് മാലക്കല്ലിലെ ഒരു ജ്വലറിയിൽ മാല വിറ്റ് മുക്കാൽ പവന്റെ മറ്റൊരു സ്വർണ്ണമാല സുഹൃത്തിന്റെ ഭാര്യക്ക് നൽകുകയായിരുന്നു.
മാല നഷ്ടപ്പെട്ട മഞ്ജു ജോസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. പരാതിക്കാരി മോഷ്ടാവിനെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ഒടുവിൽ മോഷ്ടാവിലേക്ക് എത്തിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി.കെ.മുകുന്ദന് മോഷ്ടാവിനെ സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. അരുൺ മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചുള്ളിയിലെ വീട്ടിലെത്തി ഷാജി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഷാജിയെ പരാതിക്കാരി തിരിച്ചറിഞ്ഞതോടെ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ മാലക്കല്ലിലെ ജ്വല്ലറിയിൽ എത്തിച്ച് മോഷണം പോയ മാല ഉരുക്കിയ നിലയിൽ കണ്ടെടുത്തു.നേരത്തെ മറ്റേതെങ്കിലും മോഷണകേസിൽ ഷാജിക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഐ.രാജൻ, എ.എസ്.ഐ. മാരായ കെ. പ്രേമരാജൻ, എം.ടി.പി.നൗഷാദ്, ഡ്രൈവർ രഞ്ജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.