വികസം കാത്ത് കല്ലറ മാർക്കറ്റ്

Sunday 19 January 2025 1:32 AM IST

കല്ലറ: ഒരുകാലത്ത് പേരുകേട്ട കല്ലറ മാർക്കറ്റ് ഇന്ന് പരാധീനതകൾ നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. പ്രതിവർഷം 8 ലക്ഷത്തോളം രൂപ ലേലം നടന്നിരുന്ന കല്ലറ മാർക്കറ്റിലെ അറവുശാല ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.

മത്സ്യവ്യാപാരം പേരിനുപോലുമില്ല. ഉള്ള വ്യാപാരികൾ റോഡിന്റെ വശത്തേക്ക് മാറിയതോടെ മത്സ്യം വാങ്ങുന്നതിനും ആളുകൾ മാർക്കറ്റിലെത്താറില്ല. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച രണ്ട് മുറികളിലായി മത്സ്യഫെഡിന്റെ നേതൃത്വത്തിൽ മത്സ്യക്കച്ചവടം ആരംഭിച്ചെങ്കിലും ആളുകൾ എത്താതെ അതും പൂട്ടി. ഇപ്പോൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. രാത്രിയിൽ ആശുപത്രി മാലിന്യം വരെ ഇവിടെ നിക്ഷേപിക്കുന്നുണ്ട്.

 കാലികളില്ലാതെ കന്നുകാലി മാർക്കറ്റ്

അംഗീകൃത അറവുശാല ഇല്ലാത്തതിനാൽ അനധികൃത കശാപ്പും പഞ്ചായത്തിലുടനീളമുണ്ട്. മലഞ്ചരക്കുകളാൽ സംപുഷ്ടമായിരുന്ന കല്ലറ മാർക്കറ്റിനെ 'കൊച്ചാലപ്പുഴ ചന്ത' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കല്ലറ പാങ്ങോട് സമരം നടന്നതും കല്ലറ മാർക്കാറ്റിൽനിന്നുതന്നെ. ആറ്റിങ്ങലിലെ മാമം,​കൊല്ലം ജില്ലയിലെ അഞ്ചൽ തുടങ്ങിയ മാർക്കറ്റുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കന്നുകാലികൾ വിറ്റുപോയിരുന്ന കല്ലറ മാർക്കറ്റിൽ പേരിനു പോലും കന്നുകാലി കച്ചവടം നടക്കുന്നില്ല.

 വികസനം ചുവപ്പുനാടയിൽ

ആധുനിക രീതിയിൽ അറവുശാല ഉൾപ്പെടെയുള്ള മാർക്കറ്റ് വരുമെന്ന് പറഞ്ഞെങ്കിലും അതും ചുവപ്പുനാടയിൽ കുരുങ്ങിയ മട്ടാണ്. ആധുനിക രീതിയിൽ മാർക്കറ്റ് പണികഴിപ്പിച്ച് വഴിയോരക്കച്ചവടം അവസാനിപ്പിച്ച് വ്യാപാരികളെ മാർക്കറ്റിൽ എത്തിച്ചാൽ മാത്രമേ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയൂ. അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് കല്ലറ മാർക്കറ്റിനെ പഴയ പ്രതാപത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.