സത്യപ്രതിജ്ഞ നാളെ, വീണ്ടും ട്രംപ് ദിനങ്ങൾ

Sunday 19 January 2025 4:57 AM IST

വാഷിംഗ്ടൺ: അമേരിക്കയുടെ പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെ യു.എസിന്റെ 47-ാം പ്രസിഡന്റായി ‌ഡൊണാൾഡ് ട്രംപ് നാളെ ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് (ഈസ്റ്റേൺ സമയം ഉച്ചയ്ക്ക് 12)​ ചടങ്ങുകൾ തുടങ്ങും. 50-ാം വൈസ് പ്രസിഡന്റായി ജെ.ഡി.വാൻസും അധികാരമേൽക്കും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അടക്കം ലോകനേതാക്കൾ സംബന്ധിക്കും. അതിശൈത്യം കാരണം പരേഡ് ഒഴികെയുള്ള ചില ചടങ്ങുകൾ അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിന്റെ ഉള്ളിലേക്ക് മാറ്റിയേക്കും.

യുക്രെയിൻ യുദ്ധം നിറുത്തുന്നതടക്കം വമ്പൻ വാഗ്ദ്ധാനങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ജന്മാവകാശ പൗരത്വം നിറുത്തുന്നതു മുതൽ എച്ച്- 1 ബി വിസയിലെ പരിഷ്കരണം അടക്കം കുടിയേറ്റ നിയന്ത്രണത്തിനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.

 ലോകം ഉറ്റുനോക്കുന്നത്

1. ചൈനയുമായുള്ള ബന്ധം

2. യു.എസിൽ ടിക്ടോക്കിന്റെ ഭാവി

3. ഗ്രീൻലൻഡും പനാമ കനാലും യു.എസ് സ്വന്തമാക്കുമോ?​

4. യുക്രെയിനുള്ള സൈനിക സഹായം തുടരുമോ?​

5. മിഡിൽ ഈസ്റ്റിലെ മാറ്റങ്ങൾ