വന്ധ്യതാചികിത്സയിലൂടെ എസ്.എ.ടിയിൽ പിറന്നത് 500 കുഞ്ഞുങ്ങൾ

Saturday 18 January 2025 11:05 PM IST

50ശതമാനം വിജയ നിരക്കുമായി റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം

തിരുവനന്തപുരം: അത്യാധുനിക ഐ.വി.എഫ് ചികിത്സയിലൂടെ 500 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രി. ഹോർമോൺ ചികിത്സ,സർജറി,അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐ.വി.എഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇൻജക്ഷൻ (ഐ.സി.എസ്‌.ഐ) തുടങ്ങി വൻ സംവിധാനങ്ങളാണ് എസ്.എ.ടിയിലുള്ളത്. ആഗോളതലത്തിലിതിന് സമാനമായി 50ശതമാനം വരെ വിജയശതമാനം ഉയർത്താൻ എസ്.എ.ടിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിന് കഴിഞ്ഞു. വന്ധ്യതാചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്വകാര്യ മേഖലയിൽ വലിയ ചെലവുവരുന്ന ഈ ചികിത്സ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും കോട്ടയം,കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ റീപ്രൊഡക്ടീവ് മെഡിസിൻ യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട മാതൃ-ശിശു ആശുപത്രികളിലും ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തെ സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ആദ്യത്തെ ഐ.വി.എഫ് സംരംഭമാണ് എസ്.എ.ടിയിലേത്. 2012ലാണ് ഈ കേന്ദ്രം ആരംഭിച്ചത്. ഹിസ്റ്ററോസ്‌കോപ്പി, ഇൻക്യുബേറ്റർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് സജ്ജമാക്കി. 5 ഡോക്ടർമാരുടെ തസ്തികകളും സൃഷ്ടിച്ചു. ഐ.വി.എഫ്, ലാപ്രോസ്‌കോപ്പി തിയേറ്ററുകളും പരിശോധനകൾക്കായി ഐ.വി.എഫ് ലാബും ആൻഡ്രോളജി ലാബും നിലവിലുണ്ട്.

 രോഗികൾക്കും കൈത്താങ്ങ്

കാൻസറോ മറ്റ് രോഗങ്ങളോ ബാധിച്ചവർക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം,ബീജം,ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാൻ കഴിയുന്ന ശീതീകരണ സംവിധാനം ഇവിടെയുണ്ട്. ഇതിനുള്ള ഫെർട്ടിലിറ്റി പ്രിസർവേഷൻ പ്രോഗാം അടുത്തിടെയാണ് ആരംഭിച്ചത്. തിങ്കൾ മുതൽ ശനി വരെയാണ് ഒ.പി. ദമ്പതികൾ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗൺസലിംഗ് ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ.