പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാശുചീകരണം തുടങ്ങി

Sunday 19 January 2025 2:16 AM IST

ആലപ്പുഴ: ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായൽ പുനരുജ്ജീവനമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിൻ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എച്ച്.സലാം എം.എൽ.എ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർപെഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ അലക്സ് വർഗീസ്, സബ് കളക്ടർ സമീർ കിഷൻ, അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ജി.പത്മകുമാർ, എം.ആർ.പ്രേം,പി.റഹിയാനത്ത്, ഹെലൻ ഫെർണാണ്ടസ്, എ.എസ്.കവിത, ഡിവൈ. എസ്.പി മധു ബാബു തുടങ്ങിയവർ പങ്കെടുത്തു.

ശുചീകരണപ്രവർത്തനങ്ങളുടെ ഫ്‌ളാഗ് ഒഫ് പി.പി.ചിത്തരഞ്ജൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എസ്. ഡി കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ്, ലജനത്തുൽ മുഹമ്മദീയ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളന്റിയർമാർ, ശുചിത്വമിഷൻ ജീവനക്കാർ,നഗരസഭ ശുചീകരണ തൊഴിലാളികൾ, ഡി.ടി.പിസി ജീവനക്കാർ,ഹൗസ് ബോട്ട് ഉടമ അസോസിയേഷൻ പ്രവർത്തകർ, സോൾജിയേഴ്‌സ് ഒഫ് ഈസ്റ്റ് വെനീസ്, എ.ഡി.ആർ. എഫ്, കെയർ ഫോർ ആലപ്പി, വാപ് പുറക്കാട് തുടങ്ങിയ സന്നദ്ധസംഘടനകളിലെ പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.