കടലിൽ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് പിടിച്ചെടുത്തു
കൊടുങ്ങല്ലൂർ: ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ട് കടലിൽ ഉല്ലാസയാത്ര നടത്തിയതിനെ തുടർന്ന് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്ത് കൊടുങ്ങല്ലൂർ പോർട്ട് ഓഫീസർക്ക് കൈമാറി. മുനമ്പത്ത് നിന്നും കടലിൽ ഉല്ലാസയാത്ര നടത്തിയ എറണാകുളം ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി നിലവ് വീട്ടിൽ മേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ടാണ് പിടിച്ചെടുത്തത്. അഴീക്കോട് പോർട്ട് കൺസർവേറ്ററുടെ അനുമതിയോ, അഴീക്കോട്, കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ അധികാരികളുടെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് ബോട്ട് യാത്ര നടത്തിയതെന്ന് കണ്ടെത്തി. രാജ്യസുരക്ഷയ്ക്കും മനുഷ്യ ജീവനും ഭീഷണിയാകും വിധം കടലിലൂടെ സഞ്ചരിക്കാൻ പ്രാപ്തമല്ലാത്ത (സീ വർത്ത്‌നസ്സ്) ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ടാണിത്. കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകി. പോർട്ട് കൺസർവേറ്റർ ബോട്ട് പരിശോധിച്ച് പിഴ ഇടാക്കും. ഓപ്പറേഷൻ സജാഗിന്റെ ഭാഗമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ: സി.സീമയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. സംഘത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗിലെ ഉദ്യോഗസ്ഥരായ വി.എൻ.പ്രശാന്ത് കുമാർ, വി.എം.ഷൈബു, ഇ.ആർ.ഷിനിൽകുമാർ, സീ റെസ്‌ക്യൂ ഗാർഡ്മാരായ ഷെഫീക്ക്, സിജീഷ്, ബോട്ട് സ്രാങ്ക് സന്തോഷ് മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ ഉണ്ടായിരുന്നു.