പീച്ചി ഡാം അപകടം: ബാലാവകാശ കമ്മിഷൻ അവലോകന യോഗം
Sunday 19 January 2025 12:12 AM IST
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ മൂന്ന് പെൺകുട്ടികൾ മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മിഷൻ അവലോകന യോഗം നടത്തി. അപകടം നടന്ന ഡാമിലെ സ്ഥലം കമ്മിഷൻ അംഗങ്ങളായ ടി.സി.ജലജ മോൾ, കെ.കെ.ഷാജു എന്നിവരടങ്ങിയ സംഘം സന്ദർശിക്കുകയും സുരക്ഷാപ്രശ്‌നങ്ങൾ പരിശോധിക്കുകയും ചെയ്തു. ഡാം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരുമായി ചർച്ച ചെയ്തു. അപകടം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കമ്മിഷൻ അറിയിച്ചു. ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യവും പരിശോധിച്ചു.