തിരുപ്പതി ക്ഷേത്രപരിസരത്ത് മുട്ട ബിരിയാണി കഴിച്ച് ഭക്തർ, വിവാദം

Monday 20 January 2025 11:52 AM IST

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്ര പരിസരത്ത് ഭക്തർ മുട്ട ബിരിയാണി കഴിച്ചതിൽ വിവാദം. ആലിപ്പിരി ചെക്ക്പോയിന്റിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരാണ് ബിരിയാണി കഴിച്ചത്. സംഭവത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാരോപിച്ച് വൈഎസ്‌ആർസിപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തിരുമല തിരുപ്പതി ദേവസ്ഥാനത്തെ (ടിടിഡി) വിമർശിച്ചു. ക്ഷേത്രപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ടിടിഡിയാണ്.

സസ്യേതര ഭക്ഷണം, മദ്യപാനം, പുകവലി, പുകയില എന്നിവയ്ക്ക് തിരുമലയിൽ കർശന വിലക്കുണ്ട്. വെള്ളിയാഴ്‌ച തിരുമലയിൽ എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ രാംബഗിച്ച ബസ് സ്റ്റാൻഡിലിരുന്ന് മുട്ട ബിരിയാണി കഴിച്ചതാണ് വിവാദമായത്. ഇതുകണ്ട സമീപത്തുണ്ടായിരുന്ന മറ്റ് ഭക്തർ തിരുമല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഭക്തരെ ചോദ്യം ചെയ്തപ്പോൾ അറിവില്ലായ്‌മമൂലം സംഭവിച്ചതാണെന്നും മാപ്പാക്കണമെന്നും ഇവർ അപേക്ഷിച്ചു. തുടർന്ന് കർശന മുന്നറിയിപ്പ് നൽകിയാണ് പറഞ്ഞുവിട്ടത്.

സംഭവത്തിൽ മുൻ ടിടിഡി ചെയർമാൻ ഭൂമന കരുണാകർ റെഡ്ഡി ടിടിഡി അധികൃതരെ വിമർശിച്ചു. ടിടിഡി ഒരുക്കുന്ന സുരക്ഷയിലെ വീഴ്‌ചയാണ് ഇത് വ്യക്തമാക്കുന്നത്. ആലിപ്പിരി ചെക്ക്‌പോയിന്റിലെ കർശന പരിശോധനയ്ക്കുശേഷവും മുട്ട ബിരിയുമായി ഭക്തർക്ക് അകത്ത് കടക്കാനായത് കനത്ത വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുപ്പതി എംപി ഡോ. എം ഗുരുമൂർത്തിയും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ടിടിഡിയുടെ ചുമതലകൾ സുഗമമാക്കുന്നതിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആത്മാർത്ഥതയെയും അദ്ദേഹം ചോദ്യം ചെയ്തു.