കാത്തിരുന്ന വിധി; ഷാരോണിന് നീതി, അർഹിക്കുന്ന ശിക്ഷ യെന്ന് നാട്ടുകാർ
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിക്കുന്നത് നിറകണ്ണുകളോടെയാണ് പ്രദേശവാസികൾ കേട്ടത്. അതിക്രൂരമായ കൊലപാതകത്തിന് അർഹിക്കുന്ന ശിക്ഷ എന്നാണ് നാട്ടുകാർ പറയുന്നത്.
ഷാരോണിനെക്കുറിച്ച് പറയാൻ പ്രദേശവാസികൾക്ക് പരാതികളൊന്നുമില്ല.കളിച്ചും ചിരിച്ചും നടക്കുന്ന ഷാരോണിന്റെ മരണം കണ്ടതിന്റെ ഞെട്ടലിൽ നിന്ന് നാട് ഇതുവരെ മുക്തമായിട്ടില്ല.
വിധി കേട്ടുവന്നിട്ട് വീട്ടുകാർ ഷാരോണിന്റെ കല്ലറയിൽ പ്രാർത്ഥിച്ചു. പൊന്നുമോന് നീതി ലഭിച്ചെന്ന സമാധാനത്തിൽ ഇനി അവർക്കും ജീവിക്കാം. രണ്ട് മക്കളുടെ സ്നേഹം ഇനി മൂത്ത മകന് നൽകൂവെന്നാണ് പബ്ളിക്ക് പ്രോസിക്യൂട്ടർ ഷാരോണിന്റെ മാതാവിനോട് പറഞ്ഞത്.അസുഖം തളർത്തിയ പിതാവ് ജയരാജിനും കണ്ണീരല്ലാതെ മറ്റൊന്നും പറയാനില്ല.
11 ദിനം വിഷം തളർത്തിയ ശരീരം
വിഷം തളർത്തിയ ശരീരവുമായി നീണ്ട പതിനൊന്നു ദിവസം ശാരീരിക അവശതകളോടെ വീട്ടിലും ആശുപത്രികളിലും കഴിഞ്ഞപ്പോഴൊന്നും ഷാരോൺ തന്റെ പ്രണയിനിയായ ഗ്രീഷ്മയാണിത് ചെയ്തതെന്ന് കരുതിയതേയില്ല. അപ്പോഴെല്ലാം മകൻ തിരിച്ചുവരാൻ വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ആ അമ്മയും നാടും.
ഷാരോണിന്റെ മാതാപിതാക്കളും ഗ്രീഷ്മ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. അവസാന ദിവസം, മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കെ രാവിലെ ഐ.സിയുവിൽ വച്ചാണ് ഷാരോൺ അച്ഛനോട് കാര്യങ്ങൾ തുറന്നു പറയുന്നത്.
2022 ഒക്ടോബർ 14ന് സുഹൃത്ത് റെജിനൊപ്പമാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയത്.ഇവിടെവച്ച് ഗ്രീഷ്മ ഷാരോണിന് കുടിക്കാനായി കഷായം നൽകി. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദ്ദിച്ച ഷാരോൺ ക്ഷീണിതനാവുകയും പിന്നീട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ ചികിത്സ തേടി.
മറ്റെന്തെങ്കിലും പാനീയം ഉള്ളിൽച്ചെന്നിട്ടുണ്ടോയെന്ന് നഴ്സ് തുടർച്ചയായി ചോദിച്ചതിനെ തുടർന്നാണ് കഷായം കുടിച്ച വിവരം ഷാരോൺ പറയുന്നത്. ഈ അവസരങ്ങളിലൊന്നും ഷാരോൺ ഗ്രീഷ്മയുടെ പേര് പറഞ്ഞിരുന്നില്ല. ഗ്രീഷ്മയുടെ വീട്ടിൽനിന്ന് തിരിച്ചുവന്നശേഷം ഷാരോണിന് ഭക്ഷണമൊന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല. അന്നനാളം പൂർണമായും പൊള്ളിയ നിലയിലായിരുന്നു. വെള്ളം പോലും ഇറക്കാൻ കഴിയാതെയാണ് ഷാരോൺ ആ ദിവസങ്ങളിൽ ജീവിച്ചത്. ഒപ്പംപോയ സുഹൃത്തിന് ആരോഗ്യപ്രശ്നമൊന്നും അനുഭവപ്പെട്ടിരുന്നില്ല. 25നാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്.
ഗ്രീഷ്മ നൽകിയ ജ്യൂസും കഷായവും ഷാരോണിന്റെ മരണത്തിന് കാരണമായേക്കാമെന്ന സംശയവുമായി വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഗ്രീഷ്മയുടെ വീട്ടിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നും അത് ആസൂത്രിതമാണെന്നുമുള്ള നിഗമനത്തിലേക്ക് പിന്നീട് പൊലീസ് എത്തുകയുമായിരുന്നു.