ജോലിക്കാരായ സ്ത്രീകളുടെ ജോലിഭാരം കുറക്കാനായില്ല: ഹോട്ടൽ മാതൃകയിലൊതുങ്ങി സമൂഹ അടുക്കള

Monday 20 January 2025 10:54 PM IST

കണ്ണൂർ: ജോലിക്കാരായ സ്ത്രീകളടക്കമുള്ളവരുടെ ജോലിഭാരം കുറക്കുന്നതടക്കം ആവിഷ്കരിക്കപ്പെട്ട സമൂഹ അടുക്കള ലക്ഷ്യത്തിലെത്തിയില്ല. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാവർക്കും ഭക്ഷണം എത്തിക്കാൻ തുടങ്ങിയ പദ്ധതി കുടുംബശ്രീയുമായി സഹകരിപ്പിച്ച് വിവിധ ഉദ്ദേശങ്ങളോടെ ഓരോ ജില്ലകളിലും തുടരുകയായിരുന്നു.എന്നാൽ നിലവിൽ സാധാരണ ഹോട്ടലുകളുടെ രീതിയിൽ പ്രവർത്തിപ്പിക്കാൻ മാത്രമെ ഇവയ്ക്ക് സാധിക്കുന്നുള്ളു.

മലപ്പുറം പൊന്നാനിയിലും കോഴിക്കോട് ബാലുശേരിയിലുമാണ് സമൂഹ അടുക്കള ആദ്യം തുടങ്ങുകയും വൻ വിജയം കാണുകയും ചെയ്തത്. ഇതേതുടർന്നാണ് കണ്ണൂർ ജില്ലയിലും സമൂഹ അടുക്കള എന്ന ആശയം മുന്നോട്ട് വച്ചത്. ബാലുശേരി മാതൃക കണ്ടപ്പോൾ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾ ഇത്തരമാരു ആശയം ജില്ലയിലും ആരംഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇതേതുടർന്നാണ് ജില്ലാപഞ്ചായത്ത് കുടുംബശ്രിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.ഇതിനായി ലഭിച്ച എട്ട് അപേക്ഷകളിൽ നിന്ന് മൂന്നെണ്ണം തിരഞ്ഞെടുക്കപ്പെടുകയും സമൂഹ അടുക്കള എന്ന പേരിൽ ഭക്ഷണവിതരണം ആരംഭിക്കുകയുമായിരുന്നു.

ജില്ലയിൽ മൂന്നിടത്ത്

ഇരിട്ടി താലൂക്കിലെ പായം, തലശേരി താലൂക്കിലെ അഞ്ചരക്കണ്ടി, കൂത്തുപറമ്പ് താലൂക്കിലെ പാട്യം എന്നിവിടങ്ങളിലാണ് ആരംഭിച്ചത്.സ്ഥാപനം നിലവിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ഒരു സാധാരണ ഹോട്ടൽ മാതൃക മാത്രമാണ് പിന്തുടരുന്നത്. സമൂഹ അടുക്കള എന്ന ആശയം മൂന്നിടങ്ങളിലും നടപ്പിലായിട്ടില്ല. പത്തുലക്ഷം രൂപയായിരുന്നു ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി മാറ്റിവച്ചത്. എരമം കുറ്റൂർ, പാട്യം, മുണ്ടേരി, ചെറുപുഴ, കീഴല്ലൂർ, പായം, അഞ്ചരക്കണ്ടി മേഖലകളിൽ നിന്നെല്ലാം അപേക്ഷ അധികൃതർക്ക് ലഭിച്ചിരുന്നു.

കുറഞ്ഞ ചിലവിൽ ഭക്ഷണം

കൂട്ടം ആളുകൾക്കോ കുടുംബങ്ങൾക്കോ ഭക്ഷണം ഒന്നിച്ച് പാചകം ചെയ്ത് വിതരണം ചെയ്യുന്നതാണ് സമൂഹ അടുക്കള എന്ന ആശയം. അടുക്കളയിൽ സ്ത്രീകളുടെ തുടർച്ചയായും കഠിനവുമായ ജോലിഭാരം ഇല്ലാതാക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിലൂടെ കുടുംബങ്ങളിലേക്ക് മൂന്നു നേരവും കുറഞ്ഞ വിലയിൽ ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ചോറ്, ചപ്പാത്തി, കറികൾ, മറ്റു പലഹാരങ്ങൾ എന്നിവയും ഈ വിധത്തിൽ നൽകുന്നതായിരുന്നു പദ്ധതി.