രാഹുലിന് ആശ്വാസം: അപകീർത്തിക്കേസിന് സ്റ്റേ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമർപ്പിച്ച അപകീർത്തിക്കേസിലെ നടപടികൾ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന റാഞ്ചിയിലെ പ്രത്യേക കോടതിയിലുള്ള മാനനഷ്‌ട കേസിനെതിരെ രാഹുൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജാർഖണ്ഡ് സർക്കാരിനും പരാതിക്കാരനായ ബി.ജെ.പി നേതാവ് നവീൻ ഝായ്‌ക്കും നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണം. മാനനഷ്‌ടമുണ്ടായാൽ ആ വ്യക്തിയാണ് കോടതിയെ സമീപിക്കേണ്ടതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഡ്വ. അഭിഷേക് മനു സിംഗ്‌വി വാദിച്ചു.
കൊലപാതകിയെ ദേശീയ അദ്ധ്യക്ഷനാക്കുന്ന ഒരേയൊരു പാർട്ടി ബി.ജെ.പിയാണെന്ന് 2018ൽ പൊതുറാലിക്കിടെ രാഹുൽ ഗാന്ധി പ്രസംഗിച്ചുവെന്നാണ് ആരോപണം. അന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്നു അമിത് ഷാ. കേസിൽ റാഞ്ചി കോടതി അയച്ച സമൻസിനെതിരെ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല.