അജ്ഞാത രോഗം, രജൗരിയിലെ വീടുകളിൽ ആരോഗ്യ പരിശോധന
മരണം 17ആയി
ന്യൂഡൽഹി: കാശ്മീരിലെ രജൗരിയിൽ അജ്ഞാത രോഗം ബാധിച്ച് 17 പേർ മരിച്ച സാഹചര്യത്തിൽ ആയിരത്തേളം വീടുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
സാമ്പിളുകൾ ശേഖരിക്കുന്നതായും ലാബ് സംവിധാനത്തോടൊപ്പം മെഡിക്കൽ മൊബൈൽ യൂണിറ്റുകളും വിന്യസിച്ചിട്ടുണ്ടെന്നും രജൗരി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം എൽ. റെയ്‌ന വ്യക്തമാക്കി. വൈറോളജിക്കൽ പരിശോധനാഫലം നെഗറ്റീവായതിനാൽ സ്ഥിതി നിയന്ത്രണവിധേയമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ആരോഗ്യം, കൃഷി, രാസവസ്തുക്കൾ, ജലവിഭവ മന്ത്രാലയങ്ങളിലെ സംഘങ്ങൾ രജൗരിയിലുണ്ട്.
ചികിത്സയിലായിരുന്ന പെൺകുട്ടി ഞായറാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ 17 ആയത്. മുഹമ്മദ് അസ്‌ലമിന്റെ മകൾ യാസ്‌മിൻ (15) ആണ് ജമ്മുവിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 45 ദിവസത്തിനിടെ അസ്‌ലമിന്റെ കുടുംബത്തിൽ മരണമടഞ്ഞ എട്ടാമത്തെ അംഗമാണിവർ. യാസ്മീന്റെ മറ്റ് അഞ്ച് സഹോദരങ്ങൾ നേരത്തെ മരിച്ചിരുന്നു.
ന്യൂറോടോക്സിൻ മൂലമാണ് മരണങ്ങളെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും അതെങ്ങനെ ഇവരുടെ ശരീരത്തിൽ കടന്നുകൂടിയെന്നത് ദുരൂഹമായി തുടരുന്നു. മരണപ്പെട്ടവരുടെ വീടുകൾ സീൽ ചെയ്ത് കുടുംബാംഗങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്രി. ദുരൂഹ മരണത്തിന് പിന്നിലെ കാരണം ഉടൻ കണ്ടെത്തുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
നീരുറവയിൽ കീടനാശിനി
രജൗരിയിലെ ജലസ്രോതസുകൾ അധികൃതർ അടച്ചു. ബാവ്‌ലി നിരുറവയിലെ വെള്ളത്തിന്റെ സാമ്പിളുകളിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെതുടർന്നാണിത്. സമീപത്തെ കൃഷിയിടങ്ങളിലെ അമിതമായ കീടനാശിനി പ്രയോഗം ജലസ്രോതസുകൾക്ക് ഭീഷണിയാണ്.