ആമയിഴഞ്ചാൻ തോട് നവീകരണം നെല്ലിക്കുഴി പാലം മുതൽ സംരക്ഷണ ഭിത്തി കെട്ടാൻ 12 കോടി
പഴവങ്ങാടി ഭാഗത്ത് തോട്ടിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളിൽ വേലികെട്ടാൻ 5.54 കോടി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ നെല്ലിക്കുഴി പാലം മുതൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള 12 കോടി രൂപയുടെ പദ്ധതിക്ക് ജലസേചന വകുപ്പിന്റെ ഭരണാനുമതി.ആനയറയ്ക്കടുത്ത് നെല്ലിക്കുഴി പാലം മുതൽ ആക്കുളം കായൽ വരെ തകർന്നുകിടക്കുന്ന സംരക്ഷണ ഭിത്തി പുനർനിർമ്മിച്ച് ഇരുകരകളും സംരക്ഷിക്കുന്നതിനാണ് പദ്ധതി.
പഴവങ്ങാടി തോട് സംരക്ഷണത്തിന് വേലി കെട്ടുന്നതിന് ജലസേചന വകുപ്പ് കഴിഞ്ഞ ദിവസം 5.54 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.തോട്ടിൽ മാലിന്യം തള്ളുന്ന ഭാഗങ്ങളിൽ വേലി കെട്ടി സംരക്ഷിക്കുന്നതിനാണിത്.കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള സംരക്ഷണഭിത്തിയുടെ പുനർനിർമ്മാണത്തിനും ചെളി നീക്കുന്നതിനും നേരത്തെ 25 കോടി അനുവദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പഴവങ്ങാടി ഭാഗത്തെ റെയിൽവെ ട്രാക്കിന് അടിയിലുള്ള ടണലിലെ മാലിന്യം ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നീക്കിയിരുന്നു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയി മരിച്ചതിന് പിന്നാലെയാണ് ടണൽ വൃത്തിയാക്കിയത്.1,500 ഘനമീറ്റർ മണ്ണും ചെളിയും മാലിന്യവുമാണ് നീക്കിയത്.117 മീറ്റർ നീളമുള്ള ടണൽ വൃത്തിയാക്കാൻ മാത്രമായി 63 ലക്ഷം രൂപയ്ക്കാണ് കരാറെടുത്തത്.ടണലിൽ നിന്ന് കോരിയ മണ്ണും ചെളിയും ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളം പൂർണമായി തോർന്നശേഷം ഇത് നീക്കം ചെയ്യുമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. ഇറിഗേഷൻ,റെയിൽവെ,കോർപ്പറേഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ സംയുക്ത പരിശോധനയിൽ 150 ഘനമീറ്റർ ചെളിയും മാലിന്യവും ടണലിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നായിരുന്നു കണക്കാക്കിയിരുന്നത്.