സെയ്ഫിനെ കുത്തിയ പ്രതി മറ്റൊരു ഫ്ലാറ്റിൽ കയറാനും ശ്രമിച്ചു

Tuesday 21 January 2025 12:57 AM IST

മുംബയ്: നടൻ സെയ്ഫ് അലി ഖാന്റെ 11-ാം നിലയിലെ ഫ്ലാറ്റിൽ കയറും മുമ്പ് താൻ അതേ മന്ദിരത്തിലെ മറ്റൊരു ഫ്ലാറ്റിൽ കയറാനും ശ്രമിച്ചെന്ന് പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് പൊലീസിനോട് പറഞ്ഞു. 13 നിലകളുള്ള സദ്ഗുരു ശരൺ മന്ദിരത്തിന്റെ മുകളിലത്തെ നാല് നിലകളാണ് ഖാൻ കുടുംബത്തിന്റേത്.

ഡിസംബ‌ർ 31ന് രാത്രി ബാന്ദ്രയിലെത്തിയ പ്രതി രണ്ടു ദിവസം നഗരത്തിലെ സമ്പന്നരുടെയും ബിസിനസുകാരുടെയും വീടുകൾ നിരീക്ഷിച്ചു. ജനുവരി 15ന് അവിടങ്ങളിൽ മോഷണത്തിന് പദ്ധതിയിട്ടു.

ഷരീഫുൾ ഇസ്ലാമിന്റെ 19 വിരലടയാളങ്ങൾ കൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി മുംബയ് പൊലീസ് അറിയിച്ചു. പ്രതിയെ 24 വരെ പൊലീസ് കസ്റ്റഡിയൽ വിട്ടു.

ഗൂഗിൾ പേയിൽ കുടുങ്ങി

പ്രതി നടത്തിയ ഗൂഗിൾ പേ ഇടപാടാണ് പൊലീസിന് തുമ്പായത്. 600 സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ശനിയാഴ്ച്ച പ്രതി വർളിക്ക് സമീപത്തെ കടയിൽ‍ വച്ച് പൊറോട്ടയുടെയും കുപ്പിവെള്ളത്തിന്റെയും പണം ഗൂഗിൽ പേയിലൂടെ നൽകിയിരുന്നു. പിന്നാലെയാണ് പ്രതിയിലേക്കെത്തുന്ന തെളിവുകൾ ലഭിക്കുന്നത്.

സെയ്ഫിന് രണ്ടു

നാൾക്കകം മടങ്ങാം

സെയ്ഫ് സുഖം പ്രാപിച്ചുവരികയാണെന്നും ആഴത്തിലുള്ള മുറിവുകളുള്ളതിനാലാണ് സന്ദർശകരെ പരിമിതപ്പെടുത്തിയതെന്നും ഡോക്ടർമാർ പറഞ്ഞു. സെയ്ഫിന് രണ്ടു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാൻ കഴിയും.