ഡൽഹി പ്രചാരണം, താരപ്രചാരകനായി മോദിയെ ഇറക്കാൻ ബി.ജെ.പി

Tuesday 21 January 2025 12:03 AM IST

ന്യൂഡൽഹി : ഫെബ്രുവരി 5ന് 70 നിയമസഭാ സീറ്രുകളിലേക്കും വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്ന ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും താരപ്രചാരകരായി രംഗത്തിറക്കാൻ ബി.ജെ.പി. ജനുവരി 27ന് ശേഷം മോദി മൂന്ന് റാലികളിൽ പങ്കെടുക്കും. യോഗി 15ൽപ്പരം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ എന്നിവരും പ്രചാരണത്തിനിറങ്ങും. ഡൽഹിയിൽ ആംആദ്മി പാർട്ടി - ബി.ജെ.പി - കോൺഗ്രസ് ത്രികോണ പോരാട്ടമാണ് എല്ലാ സീറ്രുകളിലും.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ നടപടി കടുപ്പിച്ചിരിക്കുകയാണ് ഡൽഹിയിൽ. പൊലീസ് ഇതുവരെ 397 കേസുകൾ രജിസ്റ്റർ ചെയ്‌തു. നിയമലംഘനങ്ങളിൽ 14000 പേരെ പിടികൂടി. മൂന്നു കോടിയിൽപ്പരം രൂപയും, 74 കിലോ ലഹരിമരുന്നും കണ്ടെത്തി.

 വിവാദ ഡോക്യുമെന്ററി യുട്യൂബിൽ

മദ്യനയം അടക്കം വിവിധ കേസുകളിലെ ആംആദ്മി പാർട്ടി നേതാക്കളുടെ അറസ്റ്റുകൾ ഉൾപ്പെടെ വിശദമാക്കുന്ന വിവാദ ഡോക്യുമെന്ററി 'അൺബ്രേക്കബിൾ' യുട്യൂബർ ധ്രുവ് റാഠി തന്റെ യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ സ്ക്രീനിംഗ് പൊലീസ് തടഞ്ഞിരുന്നു. യുട്യൂബർക്ക് ആംആദ്മി ദേശീയ കൺവീനറും, ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ നന്ദി പറഞ്ഞു.

 ഡോർ ടു ഡോർ ക്യാംപയിനുമായി കോൺഗ്രസ്

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പൂജ്യം സീറ്റായിരുന്നു കോൺഗ്രസിന്. എന്നാൽ ഇത്തവണ സാന്നിദ്ധ്യം അറിയിക്കാനുള്ള കഠിനശ്രമത്തിലാണ്. ഡോർ ടു ഡോർ പ്രചാരണം ഊർജ്ജിതമാക്കും. കുറഞ്ഞത് 15 ശതമാനമെങ്കിലും വോട്ട് വിഹിതം നേടുകയാണ് ലക്ഷ്യമിടുന്നത്.