വരും ഡി.സി.സി പ്രസിഡന്റ് ഫെബ്രുവരിയിൽ
തൃശൂർ: സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പുനഃസംഘടനയോടൊപ്പം നാഥനില്ലാത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് അടുത്ത മാസം അവസാനത്തോടെ പ്രസിഡന്റാകും.
സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയുടെ ഭാഗമായി ജില്ലാ നേതാക്കളുമായും എം.എൽ.എമാരുമായുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്താൻ എളുപ്പമാണെന്നതിനാലാണ് ചർച്ച നീണ്ടത്.
ആറ് മാസത്തിൽ അധികമായി ഡി.സി.സിക്ക് നാഥനില്ലാതായിട്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ചർച്ച. തൃശൂരിലെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾ നേരത്തെ നടത്തിയിരുന്നു. പക്ഷേ ചില എതിർപ്പുകൾ വന്നതിനാൽ പ്രഖ്യാപനം നീണ്ടു. ഇനി സംസ്ഥാന പുനഃസംഘടനയോടൊപ്പം തൃശൂരിലെ പ്രസിഡന്റിനെയും പ്രഖ്യാപിച്ചാൽ മതിയെന്ന തീരുമാനമെടുക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ചർച്ചയ്ക്ക് ശേഷം അടുത്തമാസം ആദ്യ ആഴ്ചയിൽ റിപ്പോർട്ട് കൈമാറുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനിടെ തൃശൂരിൽ പ്രസിഡന്റുണ്ടായിട്ടും വലിയ കാര്യമില്ലെന്ന അഭിപ്രായം പറഞ്ഞ കെ.മുരളീധരന്റെ നിലപാടിനോട് ജില്ലയിലെ ചില മുതിർന്ന നേതാക്കൾ വിയോജിച്ചു.
തിരഞ്ഞെടുപ്പിൽ തോറ്റതിന് പാർട്ടിയുടെ നേർക്ക് തിരിഞ്ഞിട്ട് കാര്യമില്ലെന്നാണ് ഇവർ പറയുന്നത്. ആളുകളോടും പാർട്ടി പ്രവർത്തകരോടുമുള്ള പെരുമാറ്റം നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. പാർട്ടി പരമാവധി പ്രവർത്തിച്ചാലും സ്ഥാനാർത്ഥികളെ വോട്ടർമാർ അംഗീകരിക്കാതെ വന്നാൽ പിന്നെ പ്രവർത്തിച്ചിട്ടും കാര്യമില്ല. അതാണ് സംഭവിച്ചത്.
കോൺഗ്രസ് ജയിച്ചിരുന്ന തൃശൂരിൽ കെ.കരുണാകരനും പരാജയപ്പെട്ടിട്ടുണ്ട്. അത് പാർട്ടി നേതൃത്വത്തിന്റെ കുറ്റമായി പരിഗണിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് ഈ വിഭാഗത്തിന്. അതേസമയം ജോസ് വള്ളൂരിനെ വീണ്ടും തിരിച്ച് കൊണ്ടുവരണമെന്ന നിലപാടിനോട് നേതാക്കൾക്ക് യോജിപ്പില്ല.
വേണം പുതിയ പ്രസിഡന്റ്
പുതിയ പ്രസിഡന്റിനെ കൊണ്ടുവരണമെന്നാണ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ അഭിപ്രായം ഉയർന്നത്. ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റിന്റെയും യു.ഡി.എഫ് കൺവീനറായി ടി.വി.ചന്ദ്രമോഹന്റെയും പേരുകൾ അംഗീകരിച്ചിരുന്നെങ്കിലും മറ്റ് ചിലരുടെ പേര് ഉയർത്തി പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു ഒരു വിഭാഗം. ഈ പ്രതിസന്ധി ഒഴിവാക്കാൻ തൃശൂരിലെ നേതാക്കളുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ ചർച്ചകൾ നടത്തി. കെ.പി.സി.സി നേതൃത്വവുമായി ആലോചിച്ച ശേഷം പ്രഖ്യാപനമുണ്ടായേക്കും.