സഞ്‌ജയിനെ കുരുക്കി ശക്തമായ തെളിവുകൾ

Tuesday 21 January 2025 12:46 AM IST

ന്യൂഡൽഹി : സഞ്‌ജയ് റോയിക്ക് ജീവപര്യന്തം കഠിനതടവ് ലഭിച്ചതിനു പിന്നിൽ സി.ബി.ഐ നിരത്തിയ ശക്തമായ തെളിവുകൾ. രണ്ടു മാസത്തോളം നീണ്ട വിചാരണയിൽ 50ൽപ്പരം സാക്ഷികൾ പ്രതിക്കെതിരെ മൊഴി നൽകി. 2024 ആഗസ്റ്റ് 9ന് ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മൂന്നാം നിലയിലെ സെമിനാർ ഹാളിലാണ് പി.ജി ട്രെയിനി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്.

1. സി.സി ടിവി ദൃശ്യങ്ങൾ

ആഗസ്റ്റ് 9ന് പുലർച്ചെ സംഭവം നടന്നിടത്തേക്ക് പ്രതി ടീ ഷർട്ടും ജീൻസും ധരിച്ച് കൈയിൽ ഹെൽമറ്രും പിടിച്ച് നടന്നുവരുന്നത് സി.സി ടിവിയിൽ പതിഞ്ഞിരുന്നു. ഇത് നിർണായക തെളിവായി. ഒരു രോഗിയെ കാണാനാണ് പോയതെന്ന് മൊഴി നൽകിയെങ്കിലും അന്വേഷണത്തിൽ കള്ളമാണെന്ന് കണ്ടെത്തി

2. ബ്ലൂടൂത്ത് ഇയർഫോൺ

സെമിനാർ ഹാളിലേക്ക് പോകുമ്പോൾ പ്രതിയുടെ കഴുത്തിൽ ഇയർഫോൺ ഇട്ടിരിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. എന്നാൽ, തിരികെ പോയപ്പോൾ അവയില്ല. മൃതദേഹം കിടന്നയിടത്തു നിന്ന് ഇയർഫോൺ കിട്ടി. പ്രതിയുടെ മൊബൈൽ ഫോണിലെ ബ്ലൂടൂത്തിൽ ഇവ പെയർ ആകുകയും ചെയ്‌തു

3. ബീജ സാന്നിദ്ധ്യം

പ്രതിയുടെ ശരീരത്തിൽ അഞ്ച് പോറലുകളും നഖത്തിനിടയിൽ തൊലിയുടെ അംശവും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. ഇര അതിക്രമം പ്രതിരോധിച്ചപ്പോഴുണ്ടായതാണെന്ന് വ്യക്തമായി. മൃതശരീരത്തിൽ പ്രതിയുടെ ബീജം കണ്ടെത്തി

4. വസ്ത്രവും ചെരുപ്പും

പ്രതി ധരിച്ചിരുന്ന ജീൻസും ചെരുപ്പുകളും പൊലീസ് ബാരക്കിൽ നിന്നാണ് പിടിച്ചെടുത്തത്. ഇതിൽ ഇരയുടെ രക്തക്കറയുണ്ടായിരുന്നു. ടവർ ലൊക്കേഷൻ, ഫൊറൻസിക് വിദഗ്ദ്ധരുടെ മൊഴികൾ എന്നിവയും നിർണായകമായി