വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, 'മണവാളൻ' വ്ളോഗർ പിടിയിൽ
തൃശൂർ: സോഷ്യൽ മീഡിയയിൽ 'മണവാളൻ' എന്ന പേരിൽ പ്രശസ്തനായ വ്ളോഗർ മുഹമ്മദ് ഷഹീൻ ഷാ കസ്റ്റഡിയിൽ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഷഹീനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. തൃശൂർ വെസ്റ്റ് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുടകിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.
കഴിഞ്ഞവർഷം ഏപ്രിൽ 19നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേരളവർമ്മ കോളേജിലുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാളും സംഘവും വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഗൗതം കൃഷ്‌ണനെയും സുഹൃത്തിനെയും അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.
കാർ വരുന്നതുകണ്ട് ഇവർ ബൈക്ക് ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. ഷഹീനൊപ്പം പത്തോളം പേർ ഉണ്ടായിരുന്നു. സംഭവത്തിനുശേഷം ഷഹീൻ ഒളിവിൽ പോയതോടെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.