ട്രംപിന്റെ 'ഡോജി'ൽ നിന്ന് വിവേക് രാമസ്വാമി പിന്മാറി; പിന്നിൽ മറ്റൊരു വലിയ ലക്ഷ്യം, ഇനി എല്ലാം മസ്‌കിന്റെ കെെയിൽ
വാഷിംഗ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഊജ്ജ്വല തിരിച്ചുവരവ് നടത്തി ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തി. ട്രംപ് അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമി ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ്) നിന്ന് ഒഴിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു. വിവേക് രാമസ്വാമിയും ഇക്കാര്യം തന്റെ എക്സ് പേജിലൂടെ അറിയിച്ചിരുന്നു. വ്യവസായിയായ ഇലോൺ മസ്കിന് വകുപ്പിന്റെ പൂർണചുമതല കെെമാറിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
'ഡോജ് രൂപീകരണത്തിൽ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സർക്കാരിനെ കാര്യക്ഷമമാക്കുന്നതിൽ ഇലോണും സംഘവും വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒഹായോയിലെ എന്റെ ഭാവി പദ്ധതികളെക്കുറിച്ച് ഉടൻ തന്നെ പറയാം. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ശ്രമിക്കുന്ന പ്രസിഡന്റ് ട്രംപിനെ സഹായിക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ചുണ്ട്. എന്നതാണ് പ്രധാനം',- വിവേക് എക്സിൽ കുറിച്ചു. ഒഹായോ ഗവർണറായി മത്സരിക്കാൻ വിവേക് ആലോചിക്കുന്നുണ്ടെന്നും അതിനാലാണ് ഡോജിൽ നിന്ന് പിന്മാറിയതെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത വർഷമാണ് ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരം നടക്കുക.
'വിവേക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനാലാണ് ഡോജിൽ നിന്ന് പുറത്തുപോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് വളരെ നന്ദി. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു', - ഡോജ് ഉപദേശക സമിതി വക്താവ് അന്ന കെല്ലി പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ രൂപീകരണത്തെക്കുറിച്ച് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനാണ് ഇത് രൂപീകരിച്ചത്. ഇതിന്റെ തലപ്പത്തേക്ക് മസ്കിനെയും വിവേകിനെയും നിയമിച്ചു. എന്നാൽ മസ്കിന് വകുപ്പിന്റെ ചുമതല പൂർണമായി ട്രംപ് കെെമാറിയതാണ് വിവേകിന്റെ പിന്മാറ്റതിന് മറ്റൊരു കാരണമായി പറയുന്നത്.