ട്രക്ക് ഡ്രൈവർ ഇന്ന് കോടിപതി; പ്രവാസിയെ തേടിയെത്തിയത് പത്ത് കോടിയുടെ ബംബർ സമ്മാനം
ചണ്ഡീഗഡ്: പത്ത് കോടിയുടെ ലോട്ടറി സമ്മാനം സ്വന്തമാക്കി 55കാരൻ. കുവൈത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ഹർപീന്ദർ സിംഗിനെ തേടിയാണ് ഇത്തവണ ഭാഗ്യദേവത എത്തിയിരിക്കുന്നത്. പഞ്ചാബിലെ ബർവ സ്വദേശിയാണ് ഹർപീന്ദർ സിംഗ്. പഞ്ചാബ് സർക്കാരിന്റെ ഈ വർഷത്തെ ലോഹ്രി മകർ സംക്രാന്തി ബംബർ ലോട്ടറിയുടെ നറുക്കെടുപ്പിലാണ് അദ്ദേഹത്തിന് ഭാഗ്യം തെളിഞ്ഞത്.
അടുത്തിടെ നാട്ടിലെത്തിയ ഹർപീന്ദർ സിംഗ് നൂർപുർ ബന്ദിയിലെ ലോട്ടറി വിൽക്കുന്ന കടയിൽ നിന്ന് 500 രൂപ മുടക്കിയാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച ഭാഗ്യം അപ്രതീക്ഷിതമായി കടന്നുവന്നതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോട്ടറി ടിക്കറ്റ് വാങ്ങിയ കടയിലേക്ക് ഹർപീന്ദർ സിംഗ് മകനായ ദാവീന്ദർ സിംഗിനോടൊപ്പമാണ് എത്തിയത്. അച്ഛനും മകനും പരസ്പരം മധുരം പങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
'കുവൈത്തിൽ നിന്ന് നാട്ടിൽ എത്തുമ്പോഴെല്ലാം ലോട്ടറി ടിക്കറ്റുകൾ വാങ്ങുമായിരുന്നു. ഇപ്പോഴെടുത്ത ടിക്കറ്റിന് സമ്മാനം ലഭിക്കുമെന്ന് കരുതിയില്ല. മകന് 2023ൽ ഒരു അപകടം സംഭവിച്ചിരുന്നു. നടക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. കുടുംബത്തിൽ സാമ്പത്തിക ബാദ്ധ്യതകളും ഉണ്ട്, ഈ പണത്തിന്റെ ഒരു ഭാഗം ബാദ്ധ്യതകൾ പരിഹരിക്കാൻ വിനിയോഗിക്കും. കുടാതെ കുറച്ച് പണം ബിസിനസിൽ നിക്ഷേപിക്കേണ്ടതുണ്ട്. കുറച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യണം. വിവരം അറിഞ്ഞതോടെ കുടുംബം വലിയ സന്തോഷത്തിലാണ്'- ഹർപീന്ദർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.