തലയ്ക്ക് ഒരുകോടിയിട്ട നേതാവുൾപ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചു,​ നക്‌സലിസത്തിനുള്ള പ്രഹരമെന്ന് അമിത് ഷാ

Tuesday 21 January 2025 1:26 PM IST

റായ്‌പൂർ: ഛത്തീസ്‌ഗഡ് - ഒഡീഷ അതിർത്തിയിൽ ഗരിയാബാദിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ചു. സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതി എന്ന ജയറാം റെ‌ഡ്ഡി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.

ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്‌‌ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ പൊലീസ്, ഛത്തീസ്‌‌ഗഡിലെ കോബ്ര കമാൻഡോകൾ, ഒഡീഷ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

ഓപ്പറേഷൻ വലിയ വിജയമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. നക്‌സലിസത്തിന് ശക്തമായ പ്രഹരം. നക്‌സൽ മുക്ത ഭാരത്തിനായി വലിയൊരു ജയമാണ് സുരക്ഷാസേന കൈവരിച്ചത്. നക്‌സലിസം ഇന്ത്യയിൽ ഇന്ന് അവസാന ശ്വാസം വലിക്കുകയാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.

ഛത്തീസ്‌‌ഗഡിലെ കുലാരിഘട്ട് റിസർവ് വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ഏറ്റുമുട്ടൽ. തോക്കുകൾ, ഐഇഡികൾ, റൈഫിളുകൾ ഉൾപ്പെടെ ആയുധങ്ങളുടെ വലിയൊരു ശേഖരം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് സുരക്ഷാസേന കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുന്നതായി സുരക്ഷാസേന അറിയിച്ചു.

ചലപതി

സംഘടനയിലെ പ്രധാന സമിതിയായ സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന നേതാവായ ചലപതി (60) ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് താമസിച്ചിരുന്നത്. ഛത്തീസ്‌ഗഡിലെ ബാസ്റ്ററിലുള്ള അബുജ്‌മദ് കൊടുംവനത്തിലെ പ്രവർത്തനങ്ങളിലൂടെയാണ് ചലപതി ശ്രദ്ധേയനായത്.

അബുജ്മദ് പ്രദേശത്ത് ഏറ്റുമുട്ടലുകൾ വർദ്ധിച്ചതോടെ ചലപതി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഒഡീഷ അതിർത്തിയിലേക്ക് താമസം മാറിയത്. മാവോയിസ്റ്റുകൾക്കായി തന്ത്രങ്ങൾ മെനയുന്നതിലും പ്രവർത്തനങ്ങൾ നയിക്കുന്നതിലും ചലപതി പ്രധാന പങ്ക് വഹിച്ചിരുന്നു. ചലപതിയുടെ സുരക്ഷാ സംഘത്തിൽ പത്ത് വ്യക്തിഗത ഗാർഡുകൾവരെ ഉണ്ടായിരുന്നതായാണ് വിവരം.