സോഷ്യൽ മീഡിയയിലൂടെ പരിചയം, പത്താം ക്ളാസ് വിദ്യാർത്ഥിനി ഗർഭിണിയായി; യുവാവ് അറസ്റ്റിൽ
മലപ്പുറം: പത്താം ക്ളാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിരൂർ വെട്ടം സ്വദേശി നിഖിലാണ് (25) പോക്‌സോ പ്രകാരം അറസ്റ്റിലായത്. ഗർഭിണിയായ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി.
ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വീട്ടുകാർ ഇക്കാര്യം അറിയുന്നത്. തുടർന്ന് അദ്ധ്യാപകരാണ് വിവരം പൊലീസിൽ അറിയിച്ചത്.
സാമൂഹ്യമാദ്ധ്യമത്തിലൂടെയാണ് നിഖിലിനെ പരിചയപ്പെട്ടതെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ഇയാൾ പലതവണ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ നിഖിലിന്റെ സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞദിവസം കൊല്ലം ചവറയിൽ പതിനാറുകാരി പ്രസവിച്ചിരുന്നു. സംഭവത്തിൽ, സഹോദരനെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഡി.എൻ.എ പരിശോധനയ്ക്കായി പെൺകുട്ടിയുടെ പിതാവിന്റെയും സഹോദരന്റെയും സാമ്പിൾ പൊലീസ് ശേഖരിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ പിതാവാണ് ഗർഭത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഫലം ലഭിച്ചശേഷം കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് അറിയിച്ചത്.
ആഴ്ചകൾക്ക് മുമ്പ് തുടർച്ചയായ വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് പ്രസവിച്ചു. അമ്മ പ്രായപൂർത്തി ആകാത്തതിനാൽ കുട്ടിയെ ആലപ്പുഴ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.